കൊച്ചി: ഗോവയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കെത്തുന്നത് ലക്ഷങ്ങളുടെ ലഹരി മരുന്നുകള്‍. എല്‍എസ്ഡി(ലൈസര്‍ജിക് ആസിഡ് ഡൈഈഥനൈല് അമൈഡ്) സ്റ്റാംപുകള്ക്കാണ് യുവാക്കള്‍ക്കിയില്‍ ആവശ്യക്കാരേറി വരുന്നത്. ഇതുപയോഗിച്ചാല്‍ 15 മണിക്കൂര്‍ വരെ വീര്യം നിലനില്‍ക്കുന്നതിനാലാണ് മദ്യവും കഞ്ചാവിനും പകരം എല്‍എസ്ഡി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്നലെ നാര്‍ക്കോട്ടിക് സെല്ലിന്റെ പ്രത്യേക സ്ക്വാഡ് രണ്ടു യുവാക്കളില്‍നിന്നു പിടിച്ചെടുത്തത് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാംപുകളാണ്. ആലപ്പുഴ സ്വദേശി മുരിക്കിന്‍മൂട്ടില്‍ ജോ ആന്റെണി ജോസ് (25 ), കാഞ്ഞിരപ്പള്ളി സ്വദേശി പാറക്കല്‍ ക്രിസ്റ്റി മാത്യു (24 ) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിനു പുറത്തുനിന്നും ആവശ്യക്കാരുടെ നിര്‍ദേശാനുസരണം എല്‍എസ്ഡി സ്റ്റാംപുകള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പോലീസ് വലയിലായത്. ക്രിസ്റ്റി കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിയാണ്.
കോളജുകള്‍ വിദ്യാർഥികൾ, ഡിജെ പാര്‍ട്ടികള്‍, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർക്കു നല്കാനാണ്ഗോവയില് നിന്നു എല്‍എസ്ഡി എത്തിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ഗോവയില്‍നിന്നു കൊച്ചിയിലേക്കു സ്ഥിരം ലഹരിമരുന്ന് എത്തിച്ചിരുന്ന സംഘം നാര്‍ക്കോട്ടിക് സെല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഗോവ വഴി കൊച്ചിയിലെത്തുന്ന മംഗള എക്സ്പ്രസില്‍ ഇവര്‍ കയറിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഷൊര്‍ണൂരില്‍നിന്നു ഈ ട്രെയിനില്‍ കയറിയിരുന്നു.
എന്നാല്‍, പോലീസ് വളഞ്ഞെന്ന സംശയം തോന്നിയ യുവാക്കള്‍ ആലുവ റെയില്‍വേ സ്റ്റേഷന് എത്തുന്നതിനു മുന്‍പ് ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്നു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനൊടുവില്‍ തൃക്കാക്കര കുസാറ്റ് റോഡില്‍നിന്ന് ഇന്നലെ രാവിലെ ഇരുവരെയും പിടികൂടിയത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാം, എസ്ഐ ഗോപകുമാര്‍,തൃക്കാക്കര എസ്.ഐ ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.