എല്‍.എസ്.ഡി എന്ന മയക്കുമരുന്ന് വിദ്യാലയങ്ങളില്‍ വ്യാപകമാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പനക്കാര്‍ പുതിയ രൂപത്തിലും നിറത്തിലും ലഹരി വസ്തുക്കള്‍ വന്‍തോതില്‍ വിറ്റഴിയ്ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു. അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ കുട്ടികള്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്നു. സ്റ്റിക്കര്‍ രൂപത്തിലുള്ള ലഹരി ഉത്പ്പന്നങ്ങളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നത്. എല്‍.എസ്.ഡി സ്റ്റാമ്പ് എന്നറിയപ്പെടുന്ന ലഹരി മരുന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് എത്തിക്കുന്നതെന്നാണ് വിവരം.
അരൂരില്‍ അടുത്തിടെ ലഹരിമരുന്നുകളുമായി പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇതു കണ്ടെത്തിയത്. ഓണ്‍ലൈനിലൂടെ നടക്കുന്ന വിപണനത്തില്‍ പങ്കാളികളാവുന്നവരില്‍ ഏറിയ പങ്കും യുവാക്കളാണ്. ഈ മയക്കുമരുന്ന് സ്റ്റിക്കര്‍ രൂപത്തിലും ലഭ്യമാണ്. ഇതിന്റെ നാലിലൊരു ഭാഗം നാവിനടിയില്‍ വച്ചാല്‍ പോലും 18 മണിക്കൂറോളം ലഹരിയിലാകും. വലിപ്പക്കുറവും പെട്ടന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് മറ്റു മയക്കുമരുന്നുകളെ അപേക്ഷിച്ചുള്ള പ്രത്യേകത എന്നത് ഇതിന്റെ വിപണനം കൂടുതല്‍ എളുപ്പമാക്കുന്നു. കുട്ടികളുടെ കൈവശം ഇതു കണ്ടാല്‍ സ്റ്റിക്കര്‍ ആണെന്ന് കരുതി ഒഴിവാക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് എക്സൈസ് വിഭാഗം പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.