സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ വീണ്ടും വൻ എൽഎസ്ഡി മയക്കുമരുന്ന് വേട്ട. 23 എൽഎസ്ഡി സ്റ്റാന്പുകളുമായി യുവ എൻജിനീയറാണ് പിടിയിലായത്. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ പൗലോസാണ് തൃശൂർ കഐസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസിന്റെ കയ്യിലകപ്പെട്ടത്. ജസ്റ്റിൻ ബീബർ എന്ന ന്യൂ ജനറേഷൻ പോപ്പ് ഗായകന്റെ പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ശിവ, തൃക്കണ്ണ് അഥവാ തേർഡ് ഐ, ബുദ്ധ എന്നീ പേരുകളിലാണ് ഇയാൾ എൽഎസ്ഡി സ്റ്റാന്പുകൾ വിറ്റിരുന്നത്.
ശിവ എന്ന സ്റ്റാന്പാണ് ഇപ്പോൾ പിടികൂടിയത്. ഇതിന് രണ്ടരലക്ഷം രൂപ വിലവരും. എങ്കിലും പത്തുകിലോ കഞ്ചാവിന്റെ ലഹരി മൂല്യം ഇതിനുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ സ്ക്വാഡും തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.വി.റാഫേലിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ, എം.കെ.കൃഷ്ണപ്രസാദ്, ഷാഡോ അംഗങ്ങളായ ബാഷ്പജൻ, സുധീർകുമാർ, സന്തോഷ് ബാബു, റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ ജോസഫ്, ദക്ഷിണാമൂർത്തി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, ലത്തീഫ്, ഇർഷാദ്, ഫിജോയ്, അരുണ്‍കുമാർ, ജോസഫ്, സണ്ണി, ഷാജു, ദേവദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഓണ്‍ലൈൻ വ്യാപാരശൃംഖലയിൽ രഹസ്യകോഡുമായി എക്സൈസ്
മയക്കുമരുന്ന് വ്യാപാരം ഓണ്‍ലൈൻ വഴി വ്യാപകമാകുന്നുവെന്ന് മനസിലാക്കിയ എക്സൈസ് സംഘം മയക്കുമരുന്നിന്റെ ഓണ്‍ലൈൻ വ്യാപാരശൃംഖലയിൽ നുഴഞ്ഞുകയറി അവർക്കിടയിലെ കോഡ് മനസിലാക്കി. തുടർന്ന് മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന ഓണ്‍ലൈൻ വഴി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുകയായിരുന്നു.
ശിവ എന്ന മയക്കുമരുന്നാണ് ആവശ്യമെങ്കിൽ മലകളുടേയും വെള്ളച്ചാട്ടങ്ങളുടേയും ഒഴിഞ്ഞ സ്ഥലങ്ങളുടേയും ചിത്രങ്ങളയച്ചുകൊടുക്കും. ഇതായിരുന്നു ഓണ്‍ലൈൻ ബിസിനസിലെ കോഡ്. ഇത്തരം നിരവധി കോഡുകൾ ഇവർ ഉപയോഗിക്കാറുണ്ട്. സൈബർ സെല്ലിന്റെ പിൻബലമില്ലാതെയാണ് ഓണ്‍ലൈനിൽ എക്സൈസ് അധികൃതർ കടന്നുകയറി പ്രതികളെ വലയിലാക്കിയത്.
വിദേശ രാജ്യങ്ങളിൽ നിന്നാണ് ഓണ്‍ലൈൻ വഴി മയക്കുമരുന്ന് ഓർഡർ ചെയ്തു വരുത്താറുള്ളതെന്ന് പിടിയിലായ പ്രതി സമ്മതിച്ചു. സ്പീഡ് പോസ്റ്റു വഴിയും കൊറിയർ വഴിയുമാണ് ഓർഡർ ചെയ്ത മയക്കുമരുന്നുകൾ പ്രതിക്ക് കിട്ടാറുള്ളത്. ഇന്റർനെറ്റിൽ നുഴഞ്ഞുകയറി ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ എക്സൈസ് പിടികൂടുന്നത്.