തുറവൂർ: സ്കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന ഇരുപത് എൽഎസ്ഡി സ്റ്റാമ്പ് മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം പനമ്പിള്ളി നഗർ മലമേൽ വീട്ടിൽ അഖിൽ സാമുവൽ(25) ആണ് പൊലീസിന്റെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ചന്തിരൂരിൽ നിന്ന് പിടികൂടിയത്.
30000രൂപ വിലയുള്ള 0.370 മില്ലിഗ്രാം തൂക്കം വരുന്ന 20 എൽ.എസ്.സി സ്റ്റാമ്പുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ലൈസർജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ എൽ.എസ്.ഡി, പേപ്പർ സ്റ്റിക്കർ രൂപത്തിലുളളതും, ചെറിയ സ്റ്റാംമ്പ് മാതൃകയിലുള്ള മയക്കുമരുുന്നാണ്.
ഒരെണ്ണം കുറഞ്ഞത് 1500രൂപയ്ക്കാണ് ഇയാൾ വിറ്റു വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ചന്തിരൂരിൽ വില്പനക്കായി സ്കൂട്ടറിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്..ബാംഗ്ളൂർ സ്വദേശിയാണ് ഇത് നൽകിയതെന്ന് അഖിൽ മൊഴി നൽകി.
രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എൻ. ടോമിയുടെ നിർദ്ദേശാനുസരണം ജില്ലാ നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി. എൻ സജിയുടെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ കെ.ജെ സേവ്യർ ,ഉല്ലാസ്, കെ.പി. ഗിരീഷ് ,ബി. അനൂപ് എന്നിവരും അരൂർ പൊലീസും ചേർന്നാണ് അഖിലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.