കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന വീര്യംകൂടിയ രാസലഹരി മരുന്നുമായി യുവാവ് പിടിയിലായ സംഭവത്തിൽ തുടർ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. എൽഎസ്ഡി സ്റ്റാന്പുകളും എക്സ്റ്റസി ഗുളികകളുമായി ആലപ്പുഴ തിരുവന്പാടി സ്വദേശി ബിനോ വർഗീസിനെ (31) ഷാഡോസംഘം പിടികൂടിയ സംഭവത്തിലാണു തുടർ അന്വേഷണം നടത്തുക.
ടിക് ടോക്, ലൗ ടാബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്റസി ഗുളികകളാണ് ഇയാളിൽനിന്നു പിടികൂടിയത്. മധ്യകേരളത്തിൽ ആദ്യമായാണ് എക്സ്റ്റസി ഗുളികകൾ പിടികൂടുന്നത്. ആദ്യ മണിക്കൂറുകളിൽ ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്നതിനാലാണ് ’ലൗ ടാബ്’ എന്ന പേര് വരാൻ കാരണം.
ഇത്തരം 24 ഗുളികകളാണ് ബിനോയുടെ പക്കൽനിന്നു പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പ് ഒന്നിന് 6,000 രൂപ വിലയ്ക്കും എക്സ്റ്റസി ഗുളിക ഒന്നിന് 5,000 രൂപ വിലയ്ക്കുമാണ് ഇയാൾ വിറ്റിരുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.
എൻജിനിയറിംഗ് ബിരുദധാരിയായ ബിനോ പഠനാവശ്യങ്ങൾക്കു ബംഗളൂരുവിൽ എത്തിയപ്പോഴാണ് ലഹരിമാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നു മൊഴിനൽകിയിട്ടുണ്ട്.
മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെ നിരീക്ഷണത്തിൽ
കൊച്ചി: മയക്കുമരുന്നു ഗുളികകളായ അൽപ്രാസോളം, നൈട്രോസെപാം എന്നിവ ഉൾപ്പെടെ യുവാവ് പിടിയിലായ സംഭവത്തിൽ വിവിധ മെഡിക്കൽ ഷോപ്പുകളടക്കം എക്സൈസ് നിരീക്ഷണത്തിൽ. പ്രതിയുടെ കൈവശം ഇത്തരം ഗുളികകൾ എത്തിയെന്ന് എങ്ങനെയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ തലത്തിൽ പരിശോധന നടത്താൻ അധികൃതർ ഒരുങ്ങുന്നത്.
മാനസിക വിഭ്രാന്തിയുള്ളവർക്കും കാൻസർ രോഗികൾക്കും നൽകിവരുന്ന നൈട്രോസെപാം, അൽപ്രാസോളം ഗുളികകൾ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഇവ നല്കാവൂവെന്നു മെഡിക്കൽ ഷോപ്പുകാർക്കു നിർദേശമുള്ളതാണ്. ഇത്തരം നിർദേശങ്ങൾ മറികടന്ന് ചിലർ ഇത്തരം ഗുളികകൾ വ്യാപകമായി നൽകുന്നുവെന്ന വിവരമാണ് അധികൃതർ നൽകുന്നത്.
ഇതാദ്യമായാണു കേരളത്തിൽ ഇത്രയുമധികം അൽപ്രോസോളം മയക്കുമരുന്നു ഗുളികകൾ പിടിച്ചെടുക്കുന്നത്. പ്രതിയുടെ കൈവശം ഇതെങ്ങനെ എത്തിയെന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ അധികൃതർ ഒരുങ്ങുന്നത്.
നിശാപാർട്ടികൾക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനകണ്ണിയായ കോട്ടയം ഈരാറ്റുപേട്ട പള്ളിത്താഴെ സക്കീറിനെ (കുരുവി അഷ്റു-33) ആണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
മയക്കുമരുന്ന് ഗുളികകൾക്കു പുറമേ രണ്ടു കിലോഗ്രാം ഹാഷിഷ് ഓയിലും പ്രതിയിൽനിന്നു പിടിച്ചെടുത്തിരുന്നു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണു പിടിച്ചെടുത്തത്. പെരുന്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ നടത്തിവരുന്ന ബ്യൂട്ടി പാർലറിന്റെ മറവിൽ ഇയാൾ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നുവെന്നും എക്സൈസ് സംഘം പറയുന്നു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ ’ ഓപ്പറേഷൻ മണ്സൂണ് ’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്സൈസ് റേഞ്ച് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു സക്കീർ പിടിയിലാകുന്നത്.
തൃശൂരിൽനിന്നു കാറിൽ മയക്കുമരുന്നുമായി ആലുവ ഭാഗത്തേക്കു വരവേ കുട്ടമശേരിക്കടുത്തു വച്ചാണു പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടു കാർ ഉപേക്ഷിച്ച് ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
തുടർന്നു കാറടക്കം മയക്കുമരുന്നു കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽനിന്ന് ഏജൻറുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിച്ചിരുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവൻറീവ് ഓഫീസർമാരായ വാസുദേവൻ, അബ്ദുൾ കരീം, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, സിയാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, നീതു എന്നിവർ അടങ്ങിയ സംഘമാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.