കൂത്തുപറമ്പ്: കൂത്തുപറമ്പില് വന് മയക്ക് മരുന്ന് വേട്ട. ഓണ്ലൈനായി നെതര്ലാന്ഡില് നിന്നും വരുത്തിച്ച മാരക മയക്ക് മരുന്നായ 70 എല്എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിന്റെ പിടിയില്.
കൂത്തുപറമ്പ് പാറാലിലെ കെ.പി. ശ്രീരാഗിനെ (26)യാണ് കൂത്തുപറമ്പ് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് എം.എസ്. ജനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില് സംശയാസ്പദമായി എത്തിയ തപാല് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടറുടെ സാന്നിധ്യത്തില് തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള് കണ്ടെടുക്കുകയുമായിരുന്നു.
തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്ന്ന് മഫ്തിയില് പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മേയ് ഒന്നിന് ഡാര്ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള് ഓര്ഡര് ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസില് വന്നതെന്നും ഇയാള് ചോദ്യം ചെയ്യലില് സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
ഡാര്ക് വെബ് സൈറ്റില് പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിന് കൈമാറ്റം വഴിയാണ് എല്എസ്ഡി എത്തിച്ചത്.
കഞ്ചാവ് കൈവശം വച്ചതിന് ഇയാള്ക്കെതിരെ നേരത്തെയും എക്സൈസ് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് അറിയിച്ചു.
പ്രിവന്റീവ് ഓഫീസര് സുകേഷ് കുമാര് വണ്ടിച്ചാലില്, സിവില് എക്സൈസ് ഓഫീസര്മാരായ പ്രജീഷ് കോട്ടായി, എം.സുബിന്, സി.കെ. ശജേഷ്, എന്.സി വിഷ്ണു എക്സൈസ് ഡ്രൈവര് ലതീഷ് ചന്ദ്രന് എന്നിവരുള്പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.