ആലുവ: എൽടിടിഇ സംഘങ്ങൾ തമ്പടിക്കുന്നതായി സംശയിക്കുന്ന കൊച്ചിയിലെ മുനമ്പം ഹാർബറും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളും ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണ വലയത്തിൽ.
നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധമുള്ള ലഹരിമരുന്ന്, ആയുധക്കടത്തു സംഘങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നതായാണ് എൻഐഎയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.
ഒന്നര മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത ആയുധക്കടത്തുകാരനായ ശ്രീലങ്കൻ പൗരൻ സുരേഷ് താമസിച്ച നെടുമ്പാശേരിക്കടുത്ത് കിടങ്ങൂരിലെ വാടക വീട്ടിൽ എൻഐഎ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായകമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റും തെളിവെടുപ്പും.
ആയുധക്കടത്തിനുള്ള ഒരുക്കങ്ങൾ
ഇന്റലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് സുരേഷ് ഒരു വർഷത്തോളമായി കിടങ്ങൂർ എന്ന സ്ഥലത്ത് തങ്ങി വരികയായിരുന്നു. ഇയാളുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സൗന്ദർരാജും പിടിയിലായിരുന്നു.
കൊച്ചിയിലെ പ്രധാന മത്സ്യ ബന്ധന ഹാർബറായ മുനമ്പം കേന്ദ്രീകരിച്ച് ബോട്ടുകളിൽ ലഹരിമരുന്നും ആയുധങ്ങളും കടത്താനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടന്നിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ സുരേഷിനെ തമിഴ്നാട്ടിലെത്തിച്ചു ചോദ്യം ചെയ്തതിൽ നിന്നാണ് കിടങ്ങൂരിൽ ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നിരുന്നുവെന്ന സൂചന ലഭിച്ചത്. വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകളും കണ്ടെത്തുകയായിരുന്നു.
സുരേഷ് മുഖ്യസൂത്രധാരൻ
ഇറാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എൽടിടിഇ ബന്ധം സംശയിക്കുന്ന ആയുധക്കടത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു പിടിയിലായ സുരേഷ്. ഇയാൾ കേരളത്തിൽ തങ്ങിയാണ് നീക്കങ്ങൾ നിയന്ത്രിച്ചിരുന്നതെന്നു രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
മുനമ്പത്തുനിന്നും ബോട്ടു മാർഗം ശ്രീലങ്കയിലേക്ക് കടത്താനുള്ള നീക്കമായിരുന്നുവെന്നാണ് കരുതുന്നത്.അന്താരാഷ്ട്ര വിമാനത്താവളവും കടത്തിനായി ലക്ഷ്യം വച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ശ്രീലങ്കക്കാരുൾപ്പെട്ട മനുഷ്യക്കടത്തിലൂടെ ശ്രദ്ധ നേടിയതാണ് മുനമ്പത്തെ ഫിഷിംഗ് ഹാർബർ ജെട്ടികൾ.
തങ്ങിയതു വ്യാജരേഖകൾ നിർമിച്ച്
ശ്രീലങ്കൻ പൗരനായ സുരേഷ് തമിഴ്നാട് സ്വദേശിയെന്ന പേരിൽ വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് കിടങ്ങൂരിൽ താമസിച്ചിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഇതിനായി ഇന്ത്യൻ പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, തെരഞ്ഞെടുപ്പ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയെല്ലാം ഇയാൾ വ്യാജമായി ഉണ്ടാക്കിയിരുന്നു.
സുരേഷിനെ തേടി അപരിചിതർ പലപ്പോഴും കിടങ്ങൂരിലെ വാടക വീട്ടിൽവന്നു പോയിരുന്നതായി സമീപവാസികളുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്.
കുടുക്കിയത് അനുജൻ രമേഷ് വഴി
സുരേഷിനെ കുടുക്കുന്നത് നെടുമ്പാശേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുജൻ രമേഷ് വഴിയാണ്. പിന്നീട് രമേഷിനെ വ്യാജരേഖ ചമച്ചതിനും പാസ്പോർട്ട് നിയമം ലംഘിച്ചതിനും നെടുമ്പാശേരി പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു
ഇയാളിപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡ് തടവുകാരനാണ്. രമേഷിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചേദ്യം ചെയ്യാൻ സാധ്യതയുണ്ട്.
തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് നേരത്തെ ജാഗ്രത നിർദേശം നൽകിയിരുന്നതാണ്.
കഴിഞ്ഞ ദിവസത്തെ എൻഐഎ പരിശോധന റിപ്പോർട്ടോടു കൂടി നിരീക്ഷണം കൂടുതൽ കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമടക്കം തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ റെയ്ഡ് തുടരുകയാണ്.