ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനശ്ചിതത്വത്തിലായ അര്‍ജന്റീന ടീമിന് ആശ്വാസമേകി ക്രൊയേഷ്യന്‍ സൂപ്പര്‍താരം. അര്‍ജന്റീനയ്ക്ക് വേണ്ടി എന്ത് വിലകൊടുത്തും ഐസ്ലന്ഡിനെ തോല്പിക്കുമെന്നാണ് റയല്‍ താരവും ക്രോയേഷ്യന്‍ സൂപ്പര്‍ താരവുമായ ലൂക്ക മോഡ്രിച്ച് പറയുന്നത്. മെസിയോടുളള സ്നേഹമാണ് മോഡ്രിച്ചിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണം.
മെസി അപാര മികവുളള ഫുട്ബോളറാണ്. പക്ഷെ അദ്ദേഹത്തിന് ഒറ്റയ്ക്ക് എല്ലാം ചെയ്യാനാകില്ല. അര്‍ജന്റീനയ്ക്ക് ആശംസകള്‍ നേരുന്നു. അവര്‍ക്ക് വേണ്ടി എന്ത് വിലകൊടുത്തും ഐസ്ലന്ഡിനെ തോല്പിക്കും മോഡ്രിച്ച് പറയുന്നു.
നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം. ഇത്രയും പോയിന്റുള്ള ഐസ്ലന്ഡ് ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും ആറ് പോയന്റുമായി ക്രൊയേഷ്യ ഒന്നാമതുമാണ്.
അര്‍ജന്റീനയ്ക്ക് ഇനി നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ ക്രൊയേഷ്യയുടെയും സഹായം വേണം. ക്രൊയേഷ്യക്കെതിരെ ഐസ്ലന്ഡ് അവസാന മത്സരത്തില്‍ ജയിക്കാതിരിക്കണം. ഇനി വിജയിച്ചാല്‍ ഐസ്ലന്ഡ് ജയിക്കുന്നതിന്റെ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന നൈജീരിയയെ മറികടക്കേണ്ടി വരും. അതിനാല്‍ തന്നെ ഐസ്ലന്ഡ് തോല്‍ക്കുന്നതാണ് അര്‍ജന്റീനയ്ക്ക എന്തുകൊണ്ടും നല്ലത്.