പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ പരസ്യം പോലീസുകാരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കേരള പോലീസ് അസോസിയേഷന്റെ പരാതി. പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുന്ന മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്റര്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് സംഘടമ പരാതി നല്‍കിയത്.
പ്രസ്തുത പോസ്റ്റര്‍ കാണുമ്പോള്‍ നിയമം നടപ്പിലാക്കാനിറങ്ങുന്ന പോലീസുകാരന് തല്ലുകൊള്ളേണ്ടവനാണെന്ന് നാട്ടുകാര്‍ക്ക് തോന്നുമെന്നും പോലീസുകാര്‍ ആക്രമിപ്പെടുന്ന ഈ കാലത്ത് ഇത്തരം പരസ്യങ്ങള്‍ അനുവദിക്കരുതെന്നുമാണ് ആവശ്യം. ഇനി സിനിമകളില്‍ പോലീസിനെ ആക്രമിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്ന കുറ്റകരമാക്കണമെന്നും പരാതിയില്‍ പറയുന്നു.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പോസ്റ്ററുകളിലും, പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതു പോലെ പോലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാക്കണമെന്നും അത് പോലീസിനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രചോദിതരാകുന്നത് തടയാന്‍ സഹായിക്കുമെന്നും പോലീസ് അസോസിയേഷന് വേണ്ടി ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, പോസ്റ്ററിനെതിരെ പോലീസ് രംഗത്തെത്തി ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ഇതിന് മറുപടിയായി സിനിമയുടെ സംവിധായകന് കൂടിയായ പ്രഥ്വിരാജ് മറ്റൊരു പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. മോഹന്‍ലാല്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നതാണ് പോസ്റ്ററിലെ രംഗം. ‘ഈ പണി സ്റ്റീഫന്‍ ചെയ്യില്ല..നീയും ചെയ്യില്ല.! ‘ എന്ന തലക്കെട്ടോടെയായിരുന്നു പുതിയ പോസ്റ്റര്‍.