കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം നൽകി കൊച്ചിയിൽനിന്നു തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ പ്രതി മാനഭംഗ ത്തിന് ഇരയാക്കിയെന്നു പോലീസ്. പെണ്‍കുട്ടിയെ പലർക്കും കാഴ്ചവയ്ക്കാനായിരുന്നു ഇയാൾ ഉദ്ദേശിച്ചിരുന്നതെന്നും നോർത്ത് എസ്ഐ വിബിൻ ദാസ് പറഞ്ഞു.
സിനിമയിൽ അവസരം നല്‍കാമെന്നു വാഗ്ദാനം നല്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായ (ലക്കിശർമ) ആണ് നോയിഡയിൽ നോർത്ത് പോലീസിന്റെ പിടിയിലായത്. ഫേസ് ബുക്കിൽ പരിചയപ്പെട്ട കൊച്ചി വടുതല സ്വദേശിനിയായ പെണ്‍കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചു കഴിഞ്ഞ 15നാണ് പ്രതി നോയിഡയിലേക്കു കൊണ്ടുപോയത്. വടുതലയിൽ പത്തു വർഷമായി താമസിക്കുന്ന യുപി സ്വദേശിയുടെ മകളാണിത്. ഫേസ് ബുക്കിലൂടെ സിനിമ നിർമാതാവ് എന്നു പറഞ്ഞാണു പെണ്‍കുട്ടിയുമായി ഇയാൾ പരിചയത്തിലായത്.
താൻ നിർമിക്കുന്ന അടുത്ത സിനിമയിൽ അവസരം നൽകാമെന്നും ഇതിനായി മംഗലാപുരത്ത് എത്തുവാനും പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നു പെണ്‍കുട്ടി കൊച്ചിയിൽനിന്നു മംഗലാപുരത്ത് എത്തി. ഇവിടെവച്ചാണു പെണ്‍കുട്ടി ആദ്യമായി ഇയാളെ നേരിൽ കാണുന്നതെന്നും പോലീസ് പറഞ്ഞു. മംഗലാപുരത്തുനിന്നു പ്രതി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുകയായിരുന്നു.
തട്ടിക്കൊണ്ടുപോയശേഷം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ പെണ്‍കുട്ടിയെ സെക്സ് മാഫിയയ്ക്കു വിൽക്കുമെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതേത്തുടർന്ന് 57,000 രൂപയോളം പെണ്‍കുട്ടിയുടെ വീട്ടുകാർ ബാങ്ക് അക്കൗണ്ട് മുഖേന പ്രതിക്കു നല്കി. തുടർന്നു പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്നാണു പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി രാജസ്ഥാൻ സ്വദേശിയാണെന്നു മനസിലാക്കുകയും നോർത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലേക്കു തിരിക്കുകയുമായിരുന്നു. നോയിഡയിലെ ഒരുവീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പോലീസെത്തിയാണു രക്ഷിച്ചത്.
തുടർന്നു നടത്തിയ വൈദ്യപരിശോധനയിലാണു പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വ്യക്തമായത്. കുട്ടിയെ പാർപ്പിച്ചിരുന്ന വീട്ടിൽ വച്ചാകാം പെണ്‍കുട്ടി ലൈം ഗികപീഡനത്തിന് ഇരയായതെന്നു പോലീസ് സംശയിക്കുന്നു. മറ്റുള്ളവർക്കു കാഴ്ചവയ്ക്കാനുള്ള ശ്രമത്തിനിടെയാണു പ്രതി മോചനദ്രവ്യം ആവശ്യപ്പെട്ടത്. വീട്ടുകാർ പണം കൈമാറിയിരുന്നില്ലെങ്കിൽ പെണ്‍കുട്ടിയെ ഇയാൾ വിൽക്കുമായിരുന്നുവെന്ന സൂചനയാണു പോലീസ് നൽകുന്നത്. പ്രതി സെക്സ് റാക്കറ്റിലെ കണ്ണിയാണോയെന്ന സംശയവും പോലീസിനുണ്ട്.
പ്രതി കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്നു മൃഗീയമായി പീഡിപ്പിച്ച് വീടിന് സമീപത്തെ പുഴയിൽ തള്ളിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നോയിഡ പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി ഉച്ചയോടെ പ്രതിയുമായി കൊച്ചിയിലേക്കു തിരിക്കാനാണു പോലീസ് പദ്ധതി. രാത്രിയോടെ സംഘം കൊച്ചിയിലെത്തും. വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടിയുടെ ആരോഗ്യ നില അപകടകരമല്ലെന്നും പോലീസ് വ്യക്തമാക്കി.