ഓരോരുത്തര്‍ക്കും ഓരോരോ രീതിയിലാണ് ഭാഗ്യം വരുന്നത്. ഓരോരുത്തരുടെയും അനുഭവങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യത്തില്‍ ഭാഗ്യം അടങ്ങിയിരിക്കുന്നത് ഒരു കസേരയിലാണ്. കാണ്‍പൂരിലെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് മുന്നോടിയായി അദ്ദേഹത്തിനിരിക്കാന്‍ എത്തിച്ചത് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന ആ പ്രത്യേക കസേരയാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് മോദി അവസാനമായി ഈ കസേരയില്‍ ഇരുന്നത്. 2014 ല്‍ ഉത്തര്‍പ്രദേശില്‍ ഇലക്ഷന് പ്രചാരണം ആരംഭിച്ച സമയത്തും പിന്നീട് കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത സമയത്തുമെല്ലാം അദ്ദേഹം ഇരിക്കാന്‍ ഉപയോഗിച്ചത് ഈ കസേരയാണ്. പിന്നീട് സംസ്ഥാനത്ത് നടന്ന പല ഉപ തെരഞ്ഞെടുപ്പുകളുടെയും പ്രചാരണ വേദികളില്‍ മോദി ഇരുന്നതും അതേ കസേരയിലായിരുന്നു. ആ അവസരങ്ങളിലെല്ലാം ബിജെപിക്കും മോദിക്കും വളരെ അനുകൂലമായ ഫലങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ നോട്ട് റദ്ദാക്കലിനും തുടര്‍നടപടികള്‍ക്കും ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിലും വിജയം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് മോദിയ്ക്ക് വേണ്ടി മാത്രം സൂക്ഷിച്ചുപോരുന്ന ഈ കസേര വീണ്ടും പുറത്തെടുത്തിരിക്കുന്നത്.
മോദിയുടെ ഈ അത്ഭുതക്കസേരയില് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വലിയ വിശ്വാസമാണുള്ളത്. യുപിയില്‍ നടക്കാനിരിക്കുന്ന റാലിയിലും മോദി ഈ കസേര ഉപയോഗിച്ചാല്‍ വിജയം ഉറപ്പെന്നാണ് ഏവരും കരുതുന്നത്. പാര്‍ട്ടിയുടെ കാണ്‍പൂരിലെ ജില്ലാ ഓഫീസിലാണ് ഇപ്പോള്‍ കസേര സൂക്ഷിച്ചിരിക്കുന്നത്. പൊട്ടാത്ത തരത്തിലുള്ള ഗ്ലാസ് കൊണ്ട് നിര്‍മിച്ച ആറടി നീളവും മൂന്നടി വീതിയുമുള്ള അലമാരയിലാണ് കസേര വച്ചിരിക്കുന്നത്. കസേര മാത്രമല്ല ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കാണ്‍പൂരിലെ റാലിയുടെ സമയത്ത് മോദി വെള്ളം കുടിച്ച ഗ്ലാസും അന്ന് അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ട ഒരു പേപ്പര്‍ ബോക്സ് നിറയെ ലഡുവും കേടാകാതെ സൂക്ഷിക്കുന്നുണ്ട്. റാലി തീരുമാനിക്കപ്പെട്ടതിനേത്തുടര്ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കസേര പുറത്തെടുത്ത് വൃത്തിയാക്കി പോളിഷ് ചെയ്ത് വച്ചിരിക്കുകയാണ്. ഈ കസേരയില്‍ തന്നെ ഇരുന്നാല്‍ 2017 ലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം ഉറപ്പിക്കാം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും മോദി ആരാധകരും കരുതുന്നത്.