എന്നെങ്കിലുമൊക്കെ ഭാഗ്യം കൈവരുമെന്ന ശുഭപ്രതീക്ഷയിലാകും നമ്മളെല്ലാം ലോട്ടറി എടുക്കുന്നത്. ഒരിക്കൽ അടിച്ചില്ലങ്കിൽ അതിൽ മടുക്കാതെ വീണ്ടും വീണ്ടും ലോട്ടറി എടുക്കുക എന്നത് ചില ആളുകൾക്ക് ആവേശവുമാണ്.
നമ്മുടെ രാജ്യത്തെ പോലെ ജപ്പാനിലും ഭാഗ്യക്കുറി സന്പ്രദായമുണ്ട്. റാഫിളുകൾ എന്നറിയപ്പെടുന്ന ഭാഗ്യക്കുറികളിൽ പണം മാത്രമല്ല വീട്ടുപകരണങ്ങളും ലഭ്യമാകും. റാഫിളുകളിൽ നിന്ന് തനിക്ക് കൈവന്ന സൗഭാഗ്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹിരായാമ എന്ന ജാപ്പനീസ് യുവതി.
ലഘുഭക്ഷണങ്ങൾ, ബെന്റേോ ബോക്സുകൾ, കപ്പുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, യോഗ ബോളുകൾ, എന്നിവയുൾപ്പെടെയുള്ള ആകർഷകമായ നിരവധി സമ്മാനങ്ങൾ റാഫിളുകൾ വഴി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു.
70,000 യെൻ (US$490) വിലയുള്ള ഓവൻ, 1,00,000 യെൻ വിലയുള്ള വാട്ടർ പ്യൂരിഫയർ എന്നിവ മുതൽ 4 മില്യൺ യെൻ (US$28,000) വിലമതിക്കുന്ന ഒരു കാർ എന്നിവയും ഇതിനു പുറമേ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു. ദിവസവും നാല് മണിക്കൂർവരെ റാഫിളുകൾക്കായി താൻ ചെലവഴിക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്.