ഒരു കടയ്ക്കു മുമ്പില്‍ പത്തുലക്ഷം രൂപ കിടന്നത് ഒരു രാത്രിയും പകലുമാണ്. പക്ഷെ ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലായിരുന്നുവെന്നു മാത്രം. പത്തുലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിനാണ് റോഡരുകില്‍ നനഞ്ഞു ചുളുങ്ങി കിടക്കേണ്ടി വന്നത്. ടിക്കറ്റ് കിടക്കുന്നത് കണ്ട് ഏജന്റ് വിജയന് എടുത്ത് നോക്കിയപ്പോഴാണ് പത്ത് ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ആണെന്ന് വ്യക്തമായത്. വരിക്കാംകുന്ന് സ്വദേശി ദീപക് ഉപേക്ഷിച്ച് പോയ ടിക്കറ്റ് ആയിരുന്നു അത്.
കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനു തന്നെ ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന് മനസ്സിലാക്കിയിരുന്നു. എന്നാല്‍, ടിക്കറ്റ് എടുത്തത് ആരെന്ന കാര്യം വ്യക്തമായിരുന്നില്ല. ഒടുവില്‍ സംശയ നിവൃത്തിവരുത്താനാണ് ദീപക്കിനെ തേടിപ്പിടിച്ചത്.
5000 രൂപയുടെ സമ്മാനം നോക്കി ഇല്ലെന്നു കണ്ട് ടിക്കറ്റ് അപ്പോള്‍ തന്നെ ഉപേക്ഷിച്ചെന്നായിരുന്നു ദീപക്കിന്റെ മറുപടി. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്പിലെ റോഡില്‍ അരിച്ചുപെറുക്കി ടിക്കറ്റ് കണ്ടെടുത്തു. കല്‍പ്പണിക്കാരനാണു ദീപക്. സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ട്രഷറിയില്‍ നല്കി. വിജയന്റെ നല്ല മനസ് ദീപക്കിന് തുണയായി എന്നു വേണം കരുതാന്‍.