തൊടുപുഴ: ബഷീറിന്റെ ലോട്ടറികള്‍ക്ക് മൂന്നാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ 31 നു നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് ബഷീര്‍ വിറ്റ എഎ 768960 എന്ന നമ്പര്‍ ടിക്കറ്റിനെ തേടി ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത്. 2012ല്‍ കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 പവന്‍ തങ്കം, 2014ല്‍ കാരുണ്യ പ്ലസിന്റെ ഒരു കോടി, 2015ല്‍ പൗര്‍ണമിയുടെ 65 ലക്ഷം….എന്നിങ്ങനെ പോകുന്നു ഭാഗ്യ ദേവതയുടെ കടാക്ഷം. തൊടുപുഴ കുമ്മംകല്ല് പുത്തന്‍പറമ്പില്‍ പി.ഇ ബഷീര്‍ 30 വര്‍ഷമായി ലോട്ടറി കച്ചവട രംഗത്തുണ്ട്.
തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ ന്യൂ ലക്കി സെന്റര്‍ എന്ന പേരിലാണ് ഇപ്പോള്‍ ലോട്ടറി ഏജന്‍സി നടത്തുന്നത്. ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ലഭിക്കുന്ന കമ്മീഷന്‍ നാമമാത്രമാണെന്നു ബഷീര്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സമ്മാനങ്ങള്‍ തുടര്‍ക്കഥയായതോടെ ലോട്ടറി ടിക്കറ്റിനോട് ആളുകള്‍ക്കു താത്പര്യം കൂടിയിട്ടുണ്ട്. രാവിലെ കട തുറന്നാല്‍ 11 ഓടെ അന്നത്തെ ടിക്കറ്റുകള്‍ വിറ്റഴിയും. 100 രൂപാ മുതല്‍ 5000 രൂപായുടെ വരെ പ്രൈസ് സ്ഥിരമായി ലഭിക്കാറുണ്ടെന്ന് ബഷീര്‍ പറയുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് ബഷീറിന്റെ കുടുംബം.