ലണ്ടൻ: വെയിൽസിൽ ഡിസംബർ 22 മുതൽ കാണാതായ യുവതിയുടെ മൃതദേഹം റിവർ ഡീ നദിക്കരയിൽ നിന്നും കണ്ടെത്തി. ലൂസി ചാൾസ് (39) എന്ന സ്ത്രീയുടെ മൃതദേഹമാണ് ജീർണാവസ്ഥയിൽ പോലീസ് നദിയിൽ നിന്നും പുറത്തെടുത്തത്.
മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളെ വിവരം അറിയിച്ചുവെന്നും ഇവർ എത്തി മൃതദേഹം കണ്ട ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നുമാണ് പോലീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തി നദിക്കരയിൽ കാണാതായ ദിവസം യുവതി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നദിക്കരയിൽ നിന്നും യുവതിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി നദിയിൽ പോലീസ് പരിശോധന തുടങ്ങിയത്. പോലീസും പർവതാരോഹക രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും പോലീസ് ഹെലികോപ്റ്റർ സംഘവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
യുവതി അബദ്ധത്തിൽ കാൽ വഴുതി നദിയിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ അനുമാനമെങ്കിലും മറ്റ് സാധ്യതകളും അന്വേഷണ പരിധിയിലുണ്ട്. യുവതിയെ കാണാതായത് മുതൽ നവമാധ്യമങ്ങളിൽ കൂടി കുടുംബവും സുഹൃത്തുക്കളും വിവരങ്ങൾ പങ്കുവച്ചിരുന്നു. എല്ലാവരുടെയും പ്രാർഥനകളും കുടുംബം ആഭ്യർഥിച്ചിരുന്നു.