കോതമംഗലം: പൂയംകുട്ടിക്കു സമീപം കല്ലേലിമേട്ടിൽ കൊക്കോ വാങ്ങാനായി എത്തിയ വിദേശിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പത്തു മണിക്കൂറോളം ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. മൂന്നു വർഷമായി തൊടുപുഴ ഉടുന്പന്നൂർ കോട്ട റോഡിൽ താമസിച്ചു ബിസിനസ് ചെയ്യുന്ന ഇറ്റാലിയൻ സ്വദേശി ലൂക്കിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.
ലൂക്കിനും സുഹൃത്ത് ഏലിയാസിനും ബ്ലാവനയിലുള്ള ബോണി എന്ന ഡ്രൈവറുടെ ജീപ്പിൽ കല്ലേലിമേട്ടിലേക്കു പോകാൻ ചൊവ്വാഴ്ച വൈകിട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അനുവാദം കൊടുത്തിരുന്നു. ഒരുമണിക്കൂറിനകം അവർ തിരിച്ചെത്തിയപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ലൂക്കിന്റെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യമായിരുന്നു.
കുട്ടന്പുഴ എസ്ഐ വന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയെങ്കിലും ഇവരെ വിട്ടയയ്ക്കാൻ ഫോറസ്റ്റുകാർ തയാറായില്ല. അനുവാദമില്ലാതെ കല്ലേലിമേട്ടിലേക്കു പോയി എന്നതായിരുന്നു പ്രശ്നം. ഇതറിഞ്ഞ നൂറുകണക്കിനു നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനു മുന്പിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കല്ലേലിമേട് കൂപ്പു റോഡാണെന്നും അനുവാദമില്ലാതെ ആ വഴി യാത്ര പാടില്ലെന്നുമുള്ള നിലപാടിലായിരുന്നു ഫോറസ്റ്റുകാർ. എന്നാൽ കല്ലേലിമേട് ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ സ്ഥലമാണെന്നും അവിടേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും നാട്ടുകാർ നിലപാടെടുത്തു.
ജോയ്സ് ജോർജ് എംപി വിഷയത്തിൽ ഇടപെടുകയും തടഞ്ഞുവച്ചവരെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസെടുത്തശേഷം രാത്രി 12 ഓടെ ജാമ്യത്തിൽ വിട്ട ലൂക്കിനെയും ഏലിയാസിനെയും മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്റെ നിർദേശ പ്രകാരം മൂവാറ്റുപുഴയിലെത്തിച്ചു മൊഴിയെടുത്തു. തന്നെ തടഞ്ഞുവച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്കെതിരേ പരാതി കൊടുക്കുമെന്നു ലൂക്ക് പറഞ്ഞു.