ബ്രസൽസ്: യുവേഫ നേഷൻസ് ലീഗിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ ബെൽജിയം തകർത്തു. റൊമേലു ലൂക്കാക്കുവിന്റെ ഇരട്ടഗോളിലായിരുന്നു ബെൽജിയത്തിന്റെ ജയം. കളിയുടെ 58, 84 മിനിറ്റുകളിലായിരുന്നു ലൂക്കാക്കുവിന്റെ ഗോൾ. ഗവർനോവിച്ചായിരുന്നു (76) സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് ഗോൾവല ചലിച്ചു തുടങ്ങിയത്. റൈറ്റ് ബാക്ക് തോമസ് മ്യൂനിയറുടെ മികച്ച പാസാണ് ലൂക്കാക്കുവിന്റെ ഒന്നാം ഗോൾ പിറവിക്കു കാരണമായത്. കാൽമണിക്കൂറിനുള്ളിൽ തിരിച്ചടിച്ച് സ്വിറ്റ്സർലൻഡ് സമനിലപിടിച്ചു. മനോഹരമായൊരു ഫ്രീകിക്ക് ആണ് ഗോളിൽ കലാശിച്ചത്.
ബോക്സിനു വെളിയിൽനിന്നും ഷാഖീരിയെടുത്ത ഫ്രീകിക്ക് ഇടത് പോസ്റ്റിന്റെ മൂലയിലേക്ക് ഓടിക്കയറിയ നികോ എൽവേദി തലകൊണ്ടു പിന്നിലേക്കു മറിച്ചു. തക്കം പാർത്തിരുന്ന മരിയോ ഗവർനോവിച്ച് പന്തിനെ ഗോളിലേക്കു പറഞ്ഞുവിട്ടു. കളിയുടെ അവസാന നിമിഷം തിരിച്ചടിച്ച ബെൽജിയം സമനിലപൂട്ട് പൊട്ടിച്ചു. ഹസാർഡ്, ഡ്രൈസ് മെർട്ടനസ്, ലൂക്കാക്കു എന്നിവരായിരുന്നു രണ്ടാം ഗോളിനു പിന്നിൽ.