മാഡ്രിഡ്: ക്രൊയേഷ്യയുടെ വെറ്ററൻ താരം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി. അടുത്ത വർഷം ജൂണ്‍ വരെയാണു പുതിയ കരാർ. മുപ്പത്തിയേഴുകാരനായ മോഡ്രിച്ചിനായി സൗദി അറേബ്യൻ ക്ലബ്ബ് രംഗത്തുണ്ടായിരുന്നെങ്കിലും റയലിൽ തുടരാൻ മോഡ്രിച്ച് തീരുമാനിക്കുകയായിരുന്നു.
2012ൽ ടോട്ടനത്തിൽനിന്ന് മാഡ്രിഡിലെത്തിയ മോഡ്രിച്ച്, റയലിനൊപ്പം അഞ്ചു ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ 23 കിരീടങ്ങൾ നേടിയിട്ടുണ്ട്. കരാർ പുതുക്കിയെങ്കിലും വരും സീസണിൽ മോഡ്രിച്ചിന് അവസരം ലഭിക്കുമോ എന്നു വ്യക്തമല്ല. ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നു വൻ തുക മുടക്കിയെത്തിച്ച ജൂഡ് ബെല്ലിംഗ്ഹാം അടുത്ത സീസണിൽ റയലിന്റെ മിഡ്ഫീൽഡ് ഭരിക്കുമെന്നാണു വിദഗ്ധപക്ഷം.
ബെല്ലിംഗ്ഹാമിനൊപ്പം ടോണി ക്രൂസ്, സെബയ്യോസ്, എഡ്വാർഡോ കമവിംഗ, ഔറേലിയൻ ചൗമെനി, ഫെഡെ വാൽവർദെ എന്നിവർകൂടി ചേരുന്നതോടെ റയലിന്റെ കരുത്ത് പതിന്മടങ്ങു വർധിക്കും.