കോട്ടയം: അടിച്ചിറയിൽ പ്രവാസിയെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. വീട്ടിലെ കിടപ്പുമുറിയിലാണ് ലൂക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി പോലീസ് പറഞ്ഞു. വിദേശ നിർമിത കത്തിയും മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കഴുത്തിന്റെ ഇടതുവശത്താണു മുറിവ്. ഇടതുവശത്തു മുറിക്കണമെങ്കിൽ വലതു കൈയായിരിക്കണം ഉപയോഗിച്ചത്. എന്നാൽ മൃതദേഹം വശം ചരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തേക്കും.
തലയിണയിലും ബെഡിലും തറയിലും ഒഴുകിപ്പരന്ന രക്തം കട്ടപിടിച്ചിരുന്നു. കൈയിൽ സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടായിരുന്നു. മൃതദേഹത്തിന് തൊട്ടരികിൽ മൊബൈൽ ഫോണും കൊന്തയും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും ഉണ്ടായിരുന്നു. കിടപ്പുമുറിയുടെ വാതിൽ അടച്ചിരുന്നില്ല. എന്നാൽ മൃതദേഹത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ലെന്നും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറഞ്ഞു.
ലൂക്കോസിന്റെ ഭാര്യ ലിസിയും കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് എത്തിയ മകൻ ക്ലിൻസുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ശബ്ദം കേട്ട് നോക്കുമ്പോൾ കഴുത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ലൂക്കോസിനെ കണ്ടെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ ഭാര്യയും മകനും പറഞ്ഞത്. അതേസമയം, രക്തം പുരണ്ട കത്തി കഴുകി വൃത്തിയാക്കാൻ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചിരുന്നു. ഇത് നാട്ടുകാർ ചേർന്നാണ് തടഞ്ഞത്.
തലേദിവസം കണ്ടപ്പോൾ ലൂക്കോസ് സന്തോഷവാനായിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ടതായ സാഹചര്യമോ സാമ്പത്തിക ബാധ്യതകളോ ലുക്കോസിന് ഇല്ലായിരുന്നെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞു. ഗൾഫിൽ എണ്ണ ഖനനം നടത്തുന്ന കപ്പലിലെ ഉദ്യോഗസ്ഥനായിരുന്നു ലൂക്കോസ്.