സ്വന്തം ലേഖകൻ
കൊച്ചി: വൻകിട രാജ്യാന്തര സമ്മേളനങ്ങൾക്കു പ്രൗഢവേദിയൊരുക്കാനും വിനോദസഞ്ചാരമേഖലയ്ക്കു പുത്തനുണർവു പകരാനും കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ബോൾഗാട്ടി പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ കണ്വൻഷൻ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്ഹയാത്ത് ഹോട്ടലും 28നു കൊച്ചി ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യും.
കൊച്ചി കായലോരത്ത് 1800 കോടി രൂപ മുതൽമുടക്കിൽ പണിതുയർത്തിയ ബോൾഗാട്ടിയിലെ ഈ പദ്ധതി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണിതിട്ടുള്ള ഹോട്ടലും കണ്വൻഷൻ സെന്ററുമുൾപ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകർഷിക്കും.
ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമാണു കണ്വൻഷൻ സെന്ററിനു മാത്രമുള്ളത്. മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കണ്വൻഷൻസ്, എക്സിബിഷൻസ്) രംഗത്ത് ഇന്ത്യയുടെ ഹബാവുകയെന്ന ലക്ഷ്യമാണു കൊച്ചിയിൽ ലുലു ബോൾഗാട്ടി കണ്വൻഷൻ സെന്ററും ഹയാത്ത് നക്ഷത്ര ഹോട്ടലും തുറക്കുന്നതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിനു പുറമേ വൻതോതിലുള്ള തൊഴിലവസരങ്ങളും ലുലു ബോൾഗാട്ടി പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ സാധ്യമാകും.
രാജ്യത്തെ മറ്റു കണ്വൻഷൻ സെന്ററുകളിലില്ലാത്ത സൗകര്യങ്ങൾ ഇവിടെയുണ്ട്. ഹോട്ടലിലും കണ്വൻഷൻ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി ഏകദേശം പതിനായിരം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണു പദ്ധതിയുടെ രൂപകല്പനയെന്നു യൂസഫലി പത്രസമ്മേളനത്തിൽ അറിയിച്ചു.
28നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ലുലു കണ്വൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അൽഫോൻസ് കണ്ണന്താനം, യുഎഇ മന്ത്രി ഷേഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്റിൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്തിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിക്കും.
വിദേശങ്ങളിൽനിന്നു വിശിഷ്ടാതിഥികൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായികൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. നിഷാദ്, ഡയറക്ടർ എം.എ. സലിം, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ശർമ, ഗ്രാൻഡ് ഹയാത്ത് കൊച്ചി ജനറൽ മാനേജർ ഗിരീഷ് ഭഗത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഒരുക്കിയിരിക്കുന്നതു ലോകോത്തര മികവിൽ
കൊച്ചി: കണ്വൻഷൻ സെന്റർ, ഹോട്ടൽ വ്യവസായമേഖലയിൽ ലോകോത്തര മികവോടെയാണു കൊച്ചി ബോൾഗാട്ടിയിൽ ലുലു കണ്വൻഷൻ സെന്ററും ഹയാത്ത് ഹോട്ടലും തുറക്കുന്നത്. കണ്വൻഷൻ സെന്ററിലെ ഏറ്റവും വലിയ ഹാളായ “ലിവ’യിൽ 5,000 ത്തിലധികം ആളുകളെ ഉൾക്കൊള്ളാനാവും.
മൂന്നായി വിഭജിക്കാൻ സാധിക്കുന്ന ഈ ഹാളിൽ പൂർണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള എഴുനൂറിലധികം കസേരകൾ ബട്ടണ് അമർത്തിയാൽ മടങ്ങി ചുവരിൽ പോയിരിക്കുന്ന സവിശേഷതയുമുണ്ട്. പ്രധാന സ്റ്റേജിനോടു ചേർന്ന് ഗ്രീൻ റൂമുകളും വിഐപി വിശ്രമമുറികളുമുണ്ട്.
വേന്പനാട് എന്നു പേരിട്ട രണ്ടാമത്തെ പ്രധാന ഹാളിൽ 2,200 ത്തിലധികം പേർക്കു പരിപാടിയിൽ പങ്കെടുക്കാം. ’നാട്ടിക’ എന്നാണു മൂന്നാമത്തെ ഹാളിനു പേര്. അതിവിശിഷ്ടാതിഥികൾക്കു വിശ്രമിക്കാനായി ’ദിവാൻ’ എന്നപേരിൽ മറ്റൊരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
ഹോട്ടലിന്റെ ബാൾ റൂമിൽ 1,200 പേരെ ഉൾക്കൊള്ളാനാകും. നിരവധി ചെറിയ ഹാളുകളും ഹോട്ടലിലുണ്ട്. ഇവയെല്ലാം ചേർത്തു പതിനായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും. വിശാലമായ പാർക്കിംഗ് ഏരിയയിൽ 1500 കാറുകൾ പാർക്ക് ചെയ്യാം. ബസുകൾക്കും പാർക്കിംഗ് സൗകര്യമുണ്ട്.
മൂന്നു ഹെലിപാഡുകളും ഇവിടെയുണ്ട്. ഹയാത്ത് ഗ്രൂപ്പിന്റെ ആഡംബര ഹോട്ടൽ ബ്രാൻഡായ “ഗ്രാൻഡ് ഹയാത്തി’ൽ 42 സ്യൂട്ട് റൂമുകളുൾപ്പെടെ 265 മുറികളാണുള്ളത്. രാഷ്ട്രത്തലവന്മാർക്കു താമസിക്കാനുള്ള വില്ലകളും പ്രസിഡൻഷ്യൽ സ്യൂട്ടും ക്ലബ് റൂമുകളും അനുബന്ധ സജ്ജീകരണങ്ങളും അതിന്റ ഭാഗമാണ്. കേരളത്തിൽ ഇതുവരെ ഇല്ലാത്ത ഇത്തരം സൗകര്യങ്ങൾ സമ്മേളന ടൂറിസത്തിനു മുതൽക്കൂട്ടാകും.
ബോട്ടുകൾക്കും ഉല്ലാസനൗകകൾക്കും അടുക്കാൻ മൂന്ന് ജെട്ടികൾ, വാട്ടർ ഫ്രണ്ട് ഡെക്ക്, വാട്ടർ ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവയുമുണ്ട്. കേരളത്തിന്റെ തനതു രുചിക്കൂട്ടു പകരുന്ന മലബാർ കഫെ, തായ്, പാശ്ചാത്യ ഗ്രില്ല് എന്നിവയുൾപ്പെടെ അഞ്ചു റസ്റ്ററന്റുകളാണുള്ളത്. സ്ത്രീകൾ മാത്രം മുഖ്യ ഷെഫായി പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയാണ് മലബാർ കഫേയ്ക്കുള്ളത്.
മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത ഹോട്ടലും കണ്വൻഷൻ സെന്ററുമടങ്ങുന്ന പ്രദേശം കായലുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന അതിമനോഹരമായ കാഴ്ചാനുഭവം കൂടിയാണ്.
രാജ്യത്ത് 14,000 കോടിയുടെ പദ്ധതികൾ ഒരുങ്ങുന്നു: എം.എ. യൂസഫലി
കൊച്ചി: രണ്ടു ബില്യണ് ഡോളറിന്റെ (14,000 കോടി രൂപ) പദ്ധതികളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ലുലു ഗ്രൂപ്പിന്റേതായി ഒരുങ്ങുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി അറിയിച്ചു. ലുലു ഗ്രൂപ്പിന്റെ ഇൻഫോപാർക്കിലെ സൈബർ ടവർ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകും.
തിരുവനന്തപുരത്തെ മാൾ നിർമാണം, തൃശൂരിലെ കണ്വൻഷൻ സെന്റർ വിപുലീകരണം, ലക്നൗ, വിശാഖപട്ടണം, ഹൈദരാബാദ്, തെലുങ്കാന എന്നീ സ്ഥലങ്ങളിലെ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണ്. ഇടപ്പള്ളിയിലെ മെട്രോ സ്റ്റേഷനെയും ലുലു മാളിനെയും ബന്ധിപ്പിക്കുന്ന മേൽപ്പാത മേയിൽ തുറന്നു നൽകും.
സ്വന്തംനാടായ നാട്ടികയിൽ ഷോപ്പിംഗ് കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. തന്റെ വ്യവസായ ജീവിതത്തിൽ ഏതു നല്ല കാര്യങ്ങളും ചെയ്യുന്പോൾ അതിന്റെ നേട്ടം കേരളത്തിനു ലഭിക്കണമെന്നാണു ചിന്തയെന്ന് എം.എ. യൂസഫലി പറഞ്ഞു.
ബോൾഗാട്ടി പദ്ധതി സമർപ്പിക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം രംഗത്തു വലിയ നേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ. ആരംഭഘട്ടത്തിലുണ്ടായ അനാവശ്യ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയിൽനിന്നു പിന്മാറാൻ തോന്നിയിരുന്നു.
വിവിധ മേഖലകളിലുള്ളവരുടെ പ്രചോദനവും ജന്മനാടിന്റെ ടൂറിസം വികസന സാധ്യതകളും പരിഗണിച്ചാണു പദ്ധതി പൂർത്തീകരിച്ചത്. ഏതാനും പേരാണു വിവാദങ്ങളുണ്ടാക്കിയത്. അതിലേറെപ്പേർ പദ്ധതി ഉപേക്ഷിക്കരുതെന്നു നിർബന്ധിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നു തന്നെയാണു തോന്നിയിട്ടുള്ളത്. നടപ്പാക്കാനാവുന്ന പദ്ധതികൾ മാത്രമാണു തങ്ങൾ പ്രഖ്യാപിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 20 പുതിയ ഹൈപ്പർ മാർക്കറ്റുകൾ 2019 അവസാനം തുറക്കും.
2020 ആകുന്പോഴേക്കും ലുലു ഗ്രൂപ്പിൽ ജോലിചെയ്യുന്ന മലയാളികൾ 30,000 ആകും. ലോകത്തെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന മേഖലയാണു കണ്വൻഷൻ സെന്റർ ടൂറിസം. മൈസ് ടൂറിസം പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ സന്പദ്ഘടനയ്ക്കു വലിയ നേട്ടങ്ങളാണു സമ്മാനിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണു ബോൾഗാട്ടി പദ്ധതിയിലേതെന്നും യൂസഫലി വ്യക്തമാക്കി.