കൊല്ലം: റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭ ദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ കാരുണ്യവർഷം. ഇവിടത്തെ അന്തേവാസികളായ അമ്മമാർക്ക് താമസിക്കാൻ അഞ്ച് കോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടം നിർമിച്ച് നൽകും.
ലിഫ്റ്റ് അടക്കമുള്ള സൗകര്യമുള്ള ആശുപത്രി മാതൃകയിലുള്ളതായിരിക്കും പുതിയ കെട്ടിടം. ലുലു ഗ്രൂപ്പ് തന്നെ നേരിട്ടായിരിക്കും കെട്ടിട നിർമാണം നടത്തുക. കിടപ്പ് രോഗികളടക്കമുള്ള അമ്മമാർക്ക് സൗകര്യപ്പെടുന്ന കെട്ടിട നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കുടുംബാംഗവും ചലച്ചിത്ര നടനുമായ ടി.പി.മാധവൻ എന്നിവർ അറിയിച്ചു.
ഇതുകൂടാതെ റംസാൻ സമ്മാനമായി 50 ലക്ഷം രൂപയും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇതിനകം മൂന്നുകോടി രൂപയുടെ സഹായമാണ് ഗാന്ധിഭവന് നൽകിയിട്ടുള്ളത്. രണ്ടുവർഷം മുന്പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ഇവിടത്തെ അമ്മമാരോടൊപ്പം എം.എ.യൂസഫലി ഏറെ നേരം ചെലവഴിച്ചിരുന്നു.
ഗാന്ധിഭവന്റെ ചിട്ടയായ പ്രവർത്തനവും മതേതര സ്വഭാവവും അദ്ദേഹത്തെ ഏറെ ആകർഷിക്കുകയുണ്ടായി. അന്നുമുതൽ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങൾ ഗാന്ധിഭവന് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.
പ്രതിവർഷം ഗാന്ധിഭവന് നൽകുന്ന ഒരു കോടി രൂപയുടെ ഗ്രാന്റിന് പുറമേയാണ് ഇപ്പോഴത്തെ സഹായ പ്രഖ്യാപനം. ആദ്യ സന്ദർശന വേളയിൽ ഗാന്ധിഭവനിൽ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ യൂസഫലി സമ്മാനിച്ചിരുന്നു.
ഗാന്ധിഭവനിലെ 34 കുടുംബാംഗങ്ങൾ ഇത്തവണ നോന്പ് അനുഷ്ഠിക്കുന്നുണ്ട്. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇഫ്ത്താർ സംഗമവും ഗാന്ധിഭവനിൽ സംഘടിപ്പിക്കും.
എം.എ.യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ.ഹാരിസ്, മാനേജർ എൻ.പീതാംബരൻ, മീഡിയ കോർഡിനേറ്റർ എൻ.ബി.സ്വരാജ്, ബാബു വർഗീസ് എന്നിവർ ഗാന്ധിവനിൽ എത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. റംസാൻ സഹായമായ അന്പതുലക്ഷം രൂപയുടെ സിഡി അവർ ഗാന്ധിഭവനിലെ അമ്മമാർക്ക് കൈമാറുകയും ചെയ്തു.