കണ്ണൂർ: ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് ( 38) ആണ് അബുദാബി പോലിസിന്റെ പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പണമപഹരിച്ച് മുങ്ങിയത്.
പാസ്പോർട്ട് ലുലു ഗ്രൂപ്പ് അധികൃതർ നിയമാനുസരണം വാങ്ങി സൂക്ഷിച്ചതിനാൽ ഇയാൾക്ക് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. ഇത് പ്രതിയെ വേഗം പിടികൂടുന്നതിന് സഹായിച്ചു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.
എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും അബുദാബിയില്‍ നിയാസിനൊപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരേയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരേ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു.