ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന് 3ന് ഒപ്പം ചന്ദ്രോപരിതലത്തില് ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന് ബഹാരാകാശ പേടകമായ ‘ലൂണ 25’ തകര്ന്നതായി സ്ഥിരീകരണം.
ചന്ദ്രന്റെ ഭ്രമണപഥത്തില് പ്രവേശിച്ച ‘ലൂണ 25’ ചന്ദ്രനില് ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്സിയാണ് അറിയിച്ചത്.
പേടകത്തിന് സാങ്കേതികത്തകരാര് നേരിട്ടതായി അവര് ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്സി അറിയിച്ചത്.
ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില് ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം.
ഇതിനു പിന്നാലെയാണ് ലൂണ 25 തകര്ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില് ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന് ബഹിരാകാശ ഏജന്സിയായ റോസ്കോസ്മോസ് അറിയിച്ചത്.
അതേസമയം, ലൂണ അയച്ച ചന്ദ്ര ഗര്ത്തങ്ങളുടെ ആദ്യ ദൃശ്യങ്ങള് റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു.
അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറില് നടത്താനിരുന്ന വിക്ഷേപണമാണ് 2 വര്ഷത്തോളം വൈകി ഇപ്പോള് നടന്നത്.
ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന് 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.
ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന് രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.
1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. യുക്രെയ്ന് യുദ്ധത്തെ തുടര്ന്നു ലോകരാജ്യങ്ങള്ക്കിടയില് ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന് ഉണര്വ് നല്കുന്ന ദൗത്യമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.
അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന് 3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്.
ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു. ലൂണ പരാജയമായതോടെ ഇനി ലോകശ്രദ്ധ മുഴുവന് ചന്ദ്രയാനിലേക്കായിരിക്കുകയാണ്.