ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതോ എന്ന് ഇന്നറിയാം. വിക്രം ലാന്‍ഡര്‍ പതിച്ച ഭാഗത്തെ ചിത്രങ്ങള്‍ ഇന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് എല്‍ആര്‍ഒ ചിത്രം എടുക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. വിക്രം ലാന്‍ഡറുടെ ജീവന്‍ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും.
ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സോഫ്റ്റ് ലാന്‍ഡിങ്ങിനു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്രോ ശ്രമം നടത്തിവരികയാണെങ്കിലും ഫലം കണ്ടിട്ടില്ല. എല്‍ആര്‍ഒ പകര്‍ത്തുന്ന ചിത്രങ്ങളിലൂടെ വിക്രത്തിന്റെ യഥാര്‍ഥ സ്ഥിതി അറിയാന്‍ ഇസ്റോയ്ക്ക് കഴിഞ്ഞേക്കും. വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ നാസയും ശ്രമം നടത്തുന്നുണ്ട്.
വിക്രം ലാന്‍ഡറിലെയും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിലെയും ബാറ്ററികളുടെ ആയുസ്സ് 20ന് തീരും. 20നു മുന്‍പ് ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് ഇസ്രോ നടത്തുന്നത്. ഇസ്രോയ്ക്ക് പുറമെ നാസയും ലാന്‍ഡറെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ ചന്ദ്രോപരിതലത്തില്‍ ചലനരഹിതമായി കിടക്കുന്ന ലാന്‍ഡറെ ബന്ധപ്പെടാനുള്ള എല്ലാം മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാസയും ചന്ദ്രനിലെ ഇന്ത്യന്‍ ലാന്‍ഡറുമായി ബന്ധിപ്പിക്കുന്നതിന് സന്ദേശങ്ങള്‍ അയച്ചത്. ലാന്‍ഡറുമായി ഒരു കോണ്‍ടാക്റ്റ് സ്ഥാപിക്കുന്നതിനായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വിക്രമിലേക്ക് റേഡിയോ സിഗ്നലുകള്‍ കൈമാറി. നാസ/ജെപിഎലിന്റെ ഇസ്രോയുമായുള്ള കരാര്‍ പ്രകാരമാണ് വിക്രമിനെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് (ഡിഎസ്എന്‍) വഴി ബന്ധപ്പെടാന്‍ ശ്രമിച്ചത്.
ലാന്‍ഡറിനു സൂര്യനുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സമയം സെപ്റ്റംബര്‍ 21നു അവസാനിക്കും. ഇതിനുശേഷം ലാന്‍ഡറിലെ സോളാര്‍ പാനലിന് ഊര്‍ജ്ജം പകരാന്‍ കഴിയില്ല. ലാന്‍ഡറിലേക്ക് സിഗ്നല്‍ അയയ്ക്കുമ്പോള്‍ ചന്ദ്രന്‍ ഒരു റേഡിയോ റിഫ്ളക്ടറായി പ്രവര്‍ത്തിക്കുകയും ആ സിഗ്നലിന്റെ ഒരു ചെറിയ ഭാഗം തിരികെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. 8,00,000 കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയതിനു ശേഷമാണ് ഈ സിഗ്നലുകള്‍ ഭൂമിയില്‍ എത്തുന്നത്. നാസയുടെ ജെപിഎല്ലിന് മൂന്നു ഡിഎസ്എന്‍ ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്. ഗോള്‍ഡ്സ്റ്റോണ്‍, സൗത്ത് കാലിഫോര്‍ണിയ (യുഎസ്), മാഡ്രിഡ് (സ്പെയിന്‍), കാന്‍ബെറ (ഓസ്‌ട്രേലിയ) എന്നിവയാണത്. ബഹിരാകാശത്തെ ഏത് ഉപഗ്രഹത്തെയും കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് സ്റ്റേഷനുകള്‍ ഭൂമിയില്‍ 120 ഡിഗ്രി അകലെയാണ് സ്ഥിതി ചെയ്യുന്നത്.
അതായത് എല്ലാ സമയത്തും കുറഞ്ഞത് ഒരു സ്റ്റേഷനുമായി ആശയവിനിമയം നടത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. ഓരോ സൈറ്റിലും കുറഞ്ഞത് നാല് വലിയ ആന്റിനകള്‍ അടങ്ങിയിരിക്കുന്നു. നിരവധി ബഹിരാകാശ പേടകങ്ങളുമായി നിരന്തരമായ റേഡിയോ ആശയവിനിമയം നല്‍കാന്‍ കഴിവുള്ളതാണ് ഈ സംവിധാനങ്ങള്‍. ഇവയ്ക്കും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങാന്‍ ഏകദേശം 1.334 കി.മി. ദൂര പരിധിയില്‍ വച്ച് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷടമായതും, ഒടുവില്‍ അത് ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ശാസ്ത്ര ലോകം. പുതിയ ചിത്രങ്ങള്‍ വരുന്നതോടെ ഇതിനു വ്യക്തത വരുമെന്നാണ് പ്രതീക്ഷ.