നിശാന്ത് ഘോഷ്
കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തത കാരണം സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി ഏതു സമയവും നിലച്ചേക്കും.
ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും അധ്യാപകരും കൈയിൽനിന്ന് പണം നൽകിയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിപ്പോരുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇപ്പോഴും കുടിശികയാണ്.
ഇതിനകംതന്നെ പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഈ നിലയിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. വർഷങ്ങൾക്കു മുന്പ് നൽകി പോന്ന ഫണ്ടാണ് ഇപ്പോഴും തുടരുന്നത്.
സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയർന്നിട്ടും ഫണ്ടിൽ വർധന വരുത്തിയിട്ടില്ല.പച്ചക്കറികളും പലവ്യജ്നങ്ങളും വാങ്ങുന്ന കടകളിൽ വലിയ തുക കുടിശികയായതിനാൽ പല വ്യാപാരികളും സാധനങ്ങൾ നൽകുന്നത് നിർത്തി.
പിടിഎ സഹകരിച്ചിരുന്നെങ്കിലും പിടിഎ ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം മുഖ്യാധ്യാപകന്റെ മാത്രം ചുമതലയായി മാറി. പലരും ലോണെടുത്തും മറ്റുമാണ് ഇപ്പോൾ പദ്ധതി നടത്തിക്കൊണ്ടു പോകുന്നത്.
ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചക തൊഴിലാളികൾക്ക് നവംബറിനുശേഷം കൂലി ലഭിച്ചിട്ടില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്.
കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് ഇതിന്റെ ചെലവിനായി നൽകേണ്ടത്. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസമാകുന്നെതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.
എന്നാൽ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ യഥാസമയം കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിലെ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 55 കോടി അനുവദിച്ചിരുന്നു. എന്നാൽ ഇതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നാണ് മുഖ്യാധ്യാപകർ പറയുന്നത്.
ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യാധ്യാപകരെ ആത്മത്യയിലേക്ക് തള്ളിവിടരുതെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.