അർബുദങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് ലംഗ് കാൻസർ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന കാൻസർ. ശ്വാസകോശ അർബുദം പൊതുവേ പുകവലിക്കുന്നവരിലോ അല്ലെങ്കിൽ പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഉള്ളവരിലുമാണ് കൂടുതലായി കാണപ്പെടുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പുകവലിക്കാത്തവരിലും ഇപ്പോൾ ശ്വസകോശ അർബുദം കൂടുന്നു എന്നാണ്. അതും സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ.
ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഔട്ട്ഡോർ വായൂ മലിനീകരണം. അതുപോലെ തന്നെ പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക.
പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കവും രോഗം വരാന്‍ കാരണമാകും. പുകവലിക്കുന്നയാളെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ശ്വാസകോശ അർബുദ സാധ്യത 27% വർധിക്കുന്നതായാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്.
ഗാർഹിക ഇന്ധന പുകയും ശ്വാസകോശ അർബുദ സാധ്യത കൂട്ടാം. മരം, വിറക് തുടങ്ങിയവ കത്തിക്കുന്നതില്‍ നിന്നൊക്കെയുള്ള പുകയും ശ്വാസകോശ അർബുദം ഉണ്ടാക്കാം.
ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം വിട്ടുമാറാത്ത ചുമയാണ്. ചുമയ്ക്കുമ്പോള്‍ രക്തം വരുക, കഫത്തില്‍ രക്തം, ശ്വസിക്കാനുളള ബുദ്ധിമുട്ട്, കിതപ്പ്, നെഞ്ചുവേദന, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയൊക്കെ ലംഗ് കാന്‍സറിന്റെ സൂചനയാകാം.