റസൽ ജോണിന്റെ പ്രിയപ്പെട്ട നായയാണ് ബിൽ. അപകടം പറ്റിയ കാലിൽ പ്ലാസ്റ്ററുമിട്ടു മുടന്തിയാണ് റസൽ കുറച്ചു ആഴ്ചകളായി നടക്കുന്നത്. പെട്ടന്നൊരു ദിവസം തന്റെ അരുമയായ നായയും മുടന്തി നടക്കുന്നതു റസൽ കണ്ടു.
തന്നേക്കാൾ കഷ്ടമായി ഒരു മുൻകാൽ ഉയർത്തിപ്പിടിച്ചുള്ള അവന്റെ നടത്തം കണ്ടിട്ടു റസലിനു സഹിച്ചില്ല. ഒടിയുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്ന ആശങ്കയും തോന്നി. അതോടെ നായയെയും കൂട്ടി ആശുപത്രിയിലേക്ക്.
ഡോക്ടർമാർ നായയെ വിശദമായി പരിശോധിച്ചു. ഒറ്റനോട്ടത്തിൽ പരിക്കുകളൊന്നും കാണുന്നില്ല. തുടർന്ന് എക്സ്റേ എടുക്കാൻ തീരുമാനിച്ചു.
എക്സറേയെടുത്തപ്പോൾ നായയുടെ കാലിനു യാതൊരു പ്രശ്നവും കാണാനില്ല. ഇതോടെയാണ് സംഭവത്തിന്റെ യഥാർഥ രഹസ്യം ഡോക്ടർമാർ യജമാനോടു പറഞ്ഞത്.
കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. മുടന്തി നടക്കുന്ന യജമാനന്റെ അവസ്ഥയിൽ സങ്കടം തോന്നിയിട്ടാണ് ബില്ലും അങ്ങനെ നടക്കാൻ തുടങ്ങിയതത്രേ.
അല്ലാതെ റസിലിന്റെ കാലിനു പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഈ അനുകരണം കണ്ടുപിടിക്കാൻ റസിലിനു ചെലവായത് 30,000 രൂപയാണ്.
പണമിത്തിരി ചെലവായാലും തന്റെ പ്രിയപ്പെട്ട നായയുടെ സ്നേഹം അതിനേക്കാൾ പലമടങ്ങാണെന്നു തിരിച്ചറിയാൻ കഴിഞ്ഞെന്ന അഭിപ്രായത്തിലാണ് അദ്ദേഹം.എന്തായാലും നായയും യജമാനനും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെങ്ങും വൈറലാണ്.
റസൽ തന്നെ പങ്കുവെച്ച വീഡിയോയിൽ രണ്ടുപേരും മുടന്തികൊണ്ട് വീടിനുളളിലൂടെയും പൂന്തോട്ടത്തിലൂടെയും നടക്കുന്നതു കാണാം.
വീഡിയോ ചുരുങ്ങിയ ദിവസംകൊണ്ട് 20 ലക്ഷത്തിലേറെആളുകളാണ് കണ്ടത്. രണ്ടുപേരും വേഗം സുഖം പ്രാപിക്കട്ടേയെന്ന ആശംസകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.