കോട്ടയം: 18-ാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ പുളിങ്കുന്ന് സെന്റ് ജോസഫിനെ പരാജയപ്പെടുത്തി മാന്നാനം സെന്റ് എഫ്രേംസ് (85-47) ജേതാക്കളായി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാന്നാനം സെന്റ് എഫ്രേംസിന്റെ ജോയല്‍ മാത്യുവിനെയും ഭാവി വാഗ്ദാനമായി പുളിങ്കുന്ന് സെന്റ് ജോസഫിന്റെ അശ്വിന് കൃഷ്ണയെയും തെരഞ്ഞെടുത്തു.
പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ (56-49) പരാജയപ്പെടുത്തി തേവര എസ്എച്ച് ജേതാക്കളായി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി തേവര എസ്എച്ചിന്റെ ടിയോണ ആന്‍ ഫിലിപ്പിനെയും ഭാവി വാഗ്ദാനമായി കൊരട്ടി ലിറ്റില്‍ ഫ്ലവറിന്റെ ഹെലന് ജോയിയെയും തെരഞ്ഞെടുത്തു.
സബ് ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്കോയെ (24- 10) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. ലൂര്‍ദിന്റെ അഷ്കര്‍ ആരിഫ് മുഹമ്മദ് മികച്ച കളിക്കാരനായും ഡോണ്‍ ബോസ്കോയുടെ വൈഷ്ണവ് ടി. വിനോദ് ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മാനങ്ങള്‍ നല്കി. ഫൈനല്‍ മത്സരങ്ങളെത്തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. പയസ് പായിക്കാട്ടുമറ്റത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീബാ വര്‍ക്കി ടൂര്‍ണമെന്റ് കണ്‍വീനര്‍ സണ്ണി സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.