ആലുവ: ഒരു ഇടവേളയ്ക്കുശേഷം ആലുവ നഗരസഭയിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ഇടഞ്ഞു നിൽക്കുന്ന വനിതാ കൗണ്‍സിലർമാർക്ക് പൂർണ പിന്തുണയുമായി കോണ്‍ഗ്രസ് വിമതരും ബിജെപി അംഗവും രംഗത്ത് വന്നതോടെ പോര് മൂർഛിച്ചിരിക്കുകയാണ്.
ആലുവ മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സിലിൽ നിന്നും കോണ്‍ഗ്രസ് അംഗങ്ങളായ മൂന്ന് വനിതാ കൗണ്‍സിലർമാർ ഇറങ്ങിപ്പോയി. ഈ വിഷയത്തിൽ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച സെബി വി. ബാസ്റ്റിൻ, കെ. ജയകുമാർ, ഏക ബിജെപി അംഗമായ എ.സി. സന്തോഷ്കുമാർ എന്നിവർ ഭരണപക്ഷത്തിനെതിരായിരുന്നു.
കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ചെയർപേഴ്സണ്‍ സ്വീകരിക്കുന്നതെന്നാണ് യോഗം ബഹിഷ്കരിച്ച കൗണ്‍സിലർമാരുടെ ആക്ഷേപം. യുഡിഎഫ് മുന്നണി ബന്ധമില്ലാതെ കോണ്‍ഗ്രസ് തനിച്ചു ഭരിക്കുന്ന ആലുവ നഗരസഭയുടെ ചെയർപേഴ്സണ്‍ എ വിഭാഗത്തിലെ ലിസി എബ്രഹാമാണ്.
ഐ ഗ്രൂപ്പിനോട് ആഭിമുഖ്യമുള്ള ലീന ജോർജ്, സൗമ്യ കാട്ടുങ്ങൽ, കെ.വി. സരള എന്നിവരാണ് ഇപ്പോൾ ചെയർപേഴ്സണെതിരേ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ പാർട്ടിയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന സരള ഇപ്പോൾ സസ്പെൻഷനിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി വിമതരായി കൗണ്‍സിലിൽ എത്തിയവരാണ് സെബിയും ജയകുമാറും. നേരത്തേ തന്നെ ഇവർക്ക് പിന്തുണയുമായി ഏക ബിജെപി അംഗമായ സന്തോഷ്കുമാറും സരളയും കൂടെയുണ്ടായിരുന്നു. ഈ നാലംഗ സംഘത്തിന്റെ നേതൃത്വത്തിൽ ഭരണത്തിനെതിരേ നിരവധി സമരങ്ങൾ നടത്തി കരുത്ത് തെളിയിച്ചിരുന്നതാണ്.
കോണ്‍ഗ്രസിലെ രണ്ടംഗങ്ങൾ കൂടി ചേരുന്നതോടെ യഥാർഥ പ്രതിപക്ഷമായി ഇവർ മാറും.സിപിഎം, സിപിഐ അംഗങ്ങളടങ്ങുന്ന എൽഡിഎഫ് പ്രതിപക്ഷത്തുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം നിർജീവമാണെന്നാണ് പരക്കെ ആക്ഷേപം. പല വിഷയങ്ങളിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിരിക്കുന്ന സിപിഎം സ്വീകരിക്കുന്നതെന്ന പരാതി പാർട്ടിക്കാർക്കുള്ളിൽ തന്നെയുണ്ട്.
അനധികൃത നിർമാണം നടന്നതായി പരാതി ലഭിച്ചതിനാൽ സെക്രട്ടറി തടഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവ് ചെയർപേഴ്സണ്‍ അട്ടിമറിച്ചുവെന്നാണ് വിമത കൗണ്‍സിലർമാരുടെ പരാതി. ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടാണ് എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സ്വീകരിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
എന്നാൽ, മാർക്കറ്റിൽ ചില വ്യാപാരികൾ അനധികൃതമായി സ്ഥാപിച്ച ഷെഡുകൾക്കെതിരേ നടപടിയെടുക്കാതിരുന്നത് സർവകക്ഷി തീരുമാനപ്രകാരമാണെന്നാണ് ചെയർപേഴ്സണിന്റെ വിശദീകരണം. പഴയ മാർക്കറ്റിൽ വ്യാപാരം നടത്തിയിരുന്നവരാണ് അനധികൃത ഷെഡുകൾ കെട്ടിയിരുന്നത്. ഇതിന് അനുമതി തേടിയിരുന്നില്ല. തുടർന്നാണ് സെക്രട്ടറി നടപടിയെടുത്തത്.
മാർക്കറ്റ് നിർമാണം ആരംഭിക്കുന്പോൾ ഏത് സമയവും ഒഴിയാൻ തയാറാണെന്നും അവരെ ജീവിക്കാൻ അനുവദിക്കണമെന്നുമുള്ള നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചെയർപേഴ്സണ്‍ പറയുന്നു. യോഗം ബഹിഷ്കരിച്ച കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കെതിരേ പാർട്ടി നേതൃത്വത്തിനു പരാതി നല്കാൻ ഒരുങ്ങുകയാണ് ചെയർപേഴ്സണ്‍.