കാപ്പി കുടി ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ളവരാണ് ബഹുഭൂരിപക്ഷം ആളുകളും. പല വിലയിലും പല രുചികളിലും കാപ്പി വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ലുവാക്കോവ് കാപ്പി. ഒരു കപ്പ് കാപ്പിയുടെ വില 1600 രൂപ.
കേട്ടാല്‍ ഞെട്ടല്‍ തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ കോപ്പി ലുവാക്കോവിന് കൊച്ചി പനമ്പള്ളി നഗറിലെ കോഫീ ഷോപ്പിലാണ് ഈ വില. കോപ്പി ലുവാക്കോവിന്റെ രുചി അറിഞ്ഞ് മറ്റ് ജില്ലകളില്‍ നിന്നും പോലും ഇത് കുടിക്കാനായി എത്തിച്ചേരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
നിര്‍മല്‍, ഷീബ മണിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊച്ചിയിലെ ഈ കോഫീ ഷോപ്പ് നടത്തുന്നത്. ഇന്തോനേഷ്യയില്‍ നിന്നുമാണ് കോപ്പി ലുവാക്കോ നിര്‍മിക്കുന്നതിനായുള്ള കാപ്പിക്കുരുക്കള്‍ കൊണ്ടുവരുന്നത്. ഒരു കിലോ കാപ്പിക്കുരുവിന് ഒന്നരലക്ഷത്തില്‍ കൂടുതലാണ് വില.
സിവെറ്റ് എന്ന മൃഗത്തക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംസ്‌കരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ചുവന്ന കാപ്പിക്കുരുവിന്റെ മാംസളമായ ഭാഗം മാത്രം സിവെറ്റിന്റെ വയറ്റിലെ എന്‍സൈമുകളുമായി ചേരുന്നതിനാല്‍ കാപ്പിക്കുരുവില്‍ പ്രത്യേക തരം ഫ്‌ലേവറുണ്ടാകുന്നു.
വിസര്‍ജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയില്‍ സംസ്‌കരിച്ചെടുക്കുന്നതിനാലാണ് ഈ കോഫിക്ക് വിപണിയില്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നതും.