ഏറ്റവും വലിയ ആഡംബര വസ്തുക്കളും വാഹനങ്ങളും ഉള്ളത് അമേരിക്കയിലാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇപ്പോഴിതാ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ആഡംബരവീട് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു. ലൊസാഞ്ചലസിലെ ബെല്‍ എയറിലുള്ള 38,000 ചതുരശ്രയടിയുള്ള കൊട്ടാരസദൃശ്യമായ വീടിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 250 മില്യണ്‍ ഡോളര്‍ (ഏകദേശം 1700 കോടി രൂപ) യാണ് ഈ വീടിന്റെ വില. ഫ്‌ളോറിഡയിലെ 195 മില്യണ്‍ വിലയുള്ള വീടിനെ പിന്തള്ളിയാണ് ലൊസാഞ്ചലസിലെ കൊട്ടാരം ഒന്നാമതെത്തിയിരിക്കുന്നത്.
അമേരിക്കയിലെ പ്രമുഖ വ്യവസായിയായ ബ്രൂസ് മക്കോസ്‌കിയുടെ സ്വപ്‌നഭവനത്തില്‍ 12 കിടപ്പു മുറികളും 21 കുളിമുറികളും മൂന്നു അടുക്കളയും വമ്പന്‍ ഹോം തീയറ്ററും 85 അടി നീളമുള്ള നീന്തല്‍ക്കുളവും ജിമ്മും ബാറും കാന്‍ഡി റൂമും ബൗളിംഗ് ഏരിയയും തുടങ്ങി ഒരു മനുഷ്യ ജീവന് ആവശ്യമായതും ആസ്വദിക്കേണ്ടതുമായ എല്ലാത്തരം സൗകര്യങ്ങളും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഭിത്തിയില്‍ നീണ്ട വമ്പന്‍ കുപ്പികളില്‍ വിവിധ നിറത്തിലുള്ള മിഠായികള്‍ വച്ചിരിക്കുന്ന കാന്‍ഡി റൂം അതിമനോഹരവും ആകര്‍ഷകവുമാണ്.
30 മില്യണ്‍ ഡോളര്‍ വിലവരുന്ന തന്റെ കാര്‍ ശേഖരവും 130 ആര്‍ട്ട് വര്‍ക്കുകളും ഒരു ഹെലികോപ്ടറും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് ബ്രൂസ് വീട് അലങ്കരിച്ചിരിക്കുന്നത്്. സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ ഒരുക്കിയിരിക്കുന്ന വമ്പന്‍ ക്യാമറയുടെ രൂപം ഏറെ കൗതുകകരമാണ്. ഇതിനു പുറമേ അത്യാകര്‍ഷകമായ ഒരു വാഗ്ദാനവും ഉടമ വീട് വാങ്ങുന്നവര്‍ക്കായി നല്‍കുന്നുണ്ട്. വീടുവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഏഴു ജീവനക്കാരെക്കൂടി ഏറ്റെടുക്കണം. അവരുടെ രണ്ടു വര്‍ഷത്തെ ശമ്പളം ബ്രൂസ് തന്നെ നല്‍കും. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ഒമ്പത് ആഡംബരവസതികളാണ് ബ്രൂസ് വന്‍വിലയ്ക്ക് വിറ്റത്.
250 ജോലിക്കാര്‍ ഏതാണ്ട് നാലു വര്‍ഷത്തോളം പണിയെടുത്താണു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാറില്‍ വച്ചിരിക്കുന്ന ഷാംപെയ്ന്‍ കുപ്പി മുതല്‍ കാറുകള്‍ വരെ ഒരോ വസ്തുക്കളും ബ്രൂസ് നേരിട്ടു പരിശോധിച്ച ശേഷമാണ് വീട്ടില്‍ വച്ചിരിക്കുന്നത്. 30 അടി നീളമുള്ള ടിവിയാണ് വിനോദമുറിയില്‍ വച്ചിരിക്കുന്നത്. നാല്‍പതു പേര്‍ക്കിരിക്കാവുന്ന ഹോം തീയറ്ററിനു മാത്രം ചെലവ് രണ്ടു മില്യണ്‍ ഡോളറാണ്. ഗാരേജില്‍ കോടികള്‍ വിലമതിക്കുന്ന 12 ആഡംബരവാഹനങ്ങളാണുള്ളത്. ബ്രൂസ് ആവശ്യപ്പെടുന്ന വില കൊടുത്ത് ഈ വീടു വാങ്ങാന്‍ കഴിവുള്ള 1810 ശതകോടീശ്വരന്മാര്‍ മാത്രമാണ് ലോകത്തുള്ളത്. ഇവരില്‍ 540 പേരും അമേരിക്കയിലാണ്.