യുഎസ്: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു. ഒരേസമയം 5610 മുതല്‍ 7600 വരെ പേർക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം.
കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടൺ. പേര് “ഐക്കൺ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പൽ ഭീമൻ ആദ്യ യാത്ര ആരംഭിക്കുമെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.
റിസോർട്ട് ഗെറ്റ് എവേ മുതൽ ബീച്ച് എസ്കേപ്പ്, തീം പാർക്ക്, അമ്യൂസ്മെന്റ് പാർക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റസ്റ്ററന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാൽപതിലധികം കേന്ദ്രങ്ങളും.
മിയാമിയിൽനിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യയാത്ര ഒരു വർഷം നീണ്ടുനിൽക്കും. അവധിക്കാല ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇതിലും പറ്റിയ മറ്റൊരിടമില്ലെന്നു കപ്പലിന്റെ ഉടമകളായ റോയൽ കരീബിയൻ ഇന്റർനാഷണൽ അവകാശപ്പെടുന്നു.
ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിൽ നിർമിച്ച ക്രൂയിസ് കപ്പൽ യൂറോപ്യൻ കടൽ പരീക്ഷണങ്ങളുടെ ആദ്യറൗണ്ട് പൂർത്തിയാക്കി.
വിവിധ മേഖലകളിൽ വിദഗ്ധരായ രണ്ടായിരത്തോളം പേരാണ് കപ്പൽ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയത്. ഈ വർഷാവസാനം രണ്ടാമത്തെ കടൽ പരീക്ഷണങ്ങൾ നടക്കും.
റോയൽ കരീബിയൻ ഇന്റർനാഷണലിനു കീഴില്‍ “ഉട്ടോപ്യ ഓഫ് ദി സീസ്’ എന്ന പേരില്‍ മറ്റൊരു ക്രൂയിസ് ഷിപ്പ് കൂടി 2024 ഓടെ പുറത്തിറങ്ങുന്നുണ്ട്. “വണ്ടര്‍ ഓഫ് ദി സീസ്’ ആണ് ഇതിനു മുൻപു കരീബിയന്‍ പുറത്തിറക്കിയ ആഡംബര കപ്പല്‍.