കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അവസ്ഥ വരുന്നു. മുഖം രക്ഷിക്കാന്‍ സിപിഎം രവീന്ദ്രനെ തള്ളിപ്പറയും.
രവീന്ദ്രനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്ന അഴിമതിക്കഥകള്‍ മറനീക്കി പുറത്തുവരുമെന്ന ഭയമാണു സിപിഎമ്മിനെ വേട്ടയാടുന്നത്. ഏതായാലും ഇഡിയോടു അധികം കളിക്കേണ്ടെന്നു ഇപ്പോഴാണ് സിപിഎമ്മിനും രവീന്ദ്രനും മനസിലായത്.
രവീന്ദ്രനെ സംരക്ഷിച്ചിരുന്ന ഗോഡ്ഫാദര് പിണറായി വിജയനും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഏതായാലും കേന്ദ്രനേതൃത്വം വീണ്ടും ഇടപെട്ടിരിക്കുകയാണ്.
പോളിറ്റ്ബ്യൂറോ അംഗമാണെങ്കിലും കേരളത്തില്‍ വലിയ റോളൊന്നുമില്ലാത്ത എം.എ. ബേബിയും ഡല്‍ഹിയില്‍ പിണറായിക്കെതിരേ കളി തുടങ്ങിയെന്ന സൂചനയാണു പുറത്തുവരുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ദുര്‍ഗന്ധം പരത്തുന്നവരെ തള്ളിപ്പറയണമെന്നാണു നിലപടിലേക്കു സിപിഎം മാറി കഴിഞ്ഞു. രവീന്ദ്രന് നോട്ടീസ് നല്കിയപ്പോള് പിന്തുണച്ച പാര്‍ട്ടി പിന്നോട്ടു പോകുന്ന അവസ്ഥ വരുന്നു. എന്നാല്‍ എങ്ങനെയും സംരക്ഷിക്കാനുള്ള നീക്കം പിണറായി ഗ്രൂപ്പും നടത്തുന്നുണ്ട്.
ഇന്നു തീരുമാനം
ഇതിനിടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. അടുത്ത ആഴ്ച ആദ്യം രവീന്ദ്രനു ഹാജരാകേണ്ടിവരും.
ബുധനാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിനു എത്തിച്ചേരേണ്ടിവരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്കാന് ഒരുങ്ങുകയാണ്. ഇന്നലെ സിഎം രവീന്ദ്രന് ആശുപത്രി വിട്ടിരുന്നു.
ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു രവീന്ദ്രന് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തോട് സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണു സ്വപ്ന സുരേഷിന്റെ മൊഴി.
സംശയമുണ്ടാക്കും
ഇഡി വിളിക്കുമ്പോഴെല്ലാം രവീന്ദ്രന് അസുഖം വരുന്നത് പൊതുജനങ്ങളില്‍ സംശയമുണ്ടാക്കും. കോവിഡിനുശേഷം കോവിഡാനന്തര ചികില്‍സയ്ക്കെന്ന പേരില്‍ ഇഡി ചോദ്യം ചെയ്യലിന് വിളിച്ചതിന് അടുത്ത ദിവസം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത് വിവാദമായിരുന്നു.
വടകരയില്‍ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ആറ് സ്ഥാപനങ്ങളിലെ ഇഡി റെയ്ഡിനു പിന്നാലെയാണ് അദ്ദേഹം മെഡിക്കല്‍ കോളജ് വിട്ടത്.
രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടുവരെ നീണ്ടു. ബിനാമി ബന്ധം അന്വേഷിക്കാന്‍ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്.
മുന്‍പു രണ്ടു വട്ടം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രന് ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഈ മാസം ആറിനു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്.
രവീന്ദ്രനെതിരെ ഇഡി എടുക്കുന്ന നടപടികള്‍ സര്‍ക്കാരിനേയും ബാധിക്കും. രവീന്ദ്രനെ തള്ളിപ്പറഞ്ഞു പാര്‍ട്ടിയെ രക്ഷിക്കുന്ന വഴിയിലേക്കു പാര്‍ട്ടിക്കു വരാതെ നിവൃത്തിയില്ല. തെരഞ്ഞെടുപ്പില്‍ രവീന്ദ്രനെ തള്ളിപ്പറയാതെ പാര്ട്ടിക്കുമുന്നോട്ടു പോകാന്‍ കഴിയില്ല. പിണറായി വിജയനു പോലും തള്ളിപ്പറയേണ്ടിവരും.
ജോണ്സണ് വേങ്ങത്തടം