എന്തിനാ മദ്യപാനവും പുകവലിയും മാത്രം ഒഴിവാക്കുന്നത് സിനിമ തന്നെ വേണ്ടെന്നു വയ്ക്കാം ! നിയമസഭാ സമിതിയുടെ പുതിയ ശിപാര്‍ശയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് എം എ നിഷാദ്…

സിനിമയില്‍ നിന്നും മദ്യപാന,പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സിനിമ തന്നെ നിരോധിക്കേണ്ടിവരുമെന്നും നിഷാദ് പറയുന്നു. കൂണ്‍കൃഷി പോലെ ബിവറേജസ് തുറക്കുന്ന നാട്ടിലാണ് സബ്ജക്ട് കമ്മിറ്റിയുടെ കണ്ടുപിടിത്തമെന്നും ഇത് ഇരട്ടത്താപ്പാണെന്നും നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ? സിനിമ കണ്ട് നന്നായവര്‍ എത്ര? സിനിമ കണ്ട് ചീത്തയായവര്‍ എത്ര ? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ..

കൂണ്‍ കൃഷി പോലെ ബവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ട് പിടുത്തം…വിരല്‍ തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട്, ഇന്റര്‍നെറ്റ് എന്ന വാതില്‍. വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ ?…കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ ? ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്‌ളൈ ചെയ്തത് സിനിമയാണോ ?

നാട്ടില്‍ നടക്കുന്ന സകലമാന കൊളളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്…പ്രിയപ്പെട്ട സമാജികരെ നിങ്ങള്‍ ചിലത് കണ്ടില്ല എന്ന് നടിക്കുന്നതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നതാണോ ?

എങ്കില്‍ നിങ്ങളുടെ വീട്ടിലെ ചിലരെങ്കിലും കാണുന്ന ടിവി സീരിയലുകള്‍ക്കെതിരെയാണ് ഇത്തരം തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കേണ്ടത്…സീരിയലുകള്‍ വമിക്കുന്ന വിഷമൊന്നും ഇവിടെ ഒരു സിനിമയിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല…നാട്ടില്‍ ഒരുപാട് നീറുന്ന പ്രശ്‌നങ്ങളുണ്ട്…തല്‍ക്കാലം അതൊക്കെ വിഷയമാക്ക്…പാവം സിനിമയെ വിട്ടേരെ…

NB: ഈ സബ്ജക്റ്റ് കമ്മിറ്റി ടോം ആന്‍ഡ് ജെറി ഫാന്‍സാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല…ഇതിന് രാഷ്ട്രീയം ഇല്ല…സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ എതിര്‍ക്കുക തന്നെ ചെയ്യും…

Related posts