തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ഘട്ടത്തിൽ ജൂറി അംഗം പോലുമല്ലാത്ത അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ.
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ ഇക്കാര്യത്തിൽ തനിക്കുള്ളൂ. സത്യം വിജയിക്കും എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംഗീതമേഖലയിൽ തനിക്കെതിരെ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. അവർ കാരണം ഇഷ്ടംപോലെ സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി തനിക്കൊപ്പമുണ്ടെന്നുള്ളതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു.