രാജ്യത്ത് മാസങ്ങള്ക്കുള്ളില് ഭരണമാറ്റമുണ്ടാകുമെന്നും നീറ്റ് വിരുദ്ധ ബില് പ്രാബല്യത്തില് വരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
നീറ്റു പരീക്ഷയെഴുതുന്ന വിദ്യാര്ഥികള് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നും സ്റ്റാലിന് അഭ്യര്ഥിച്ചു. ഭരണ മാറ്റം സംഭവിക്കുമ്പോള് ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്ണര് ആര് എന് രവിയുടെ പരാമര്ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്.
നീറ്റ് പരീക്ഷയില് രണ്ടാം തവണയും തോറ്റതില് മനംനൊന്ത് പത്തൊന്പതുകാരനായ ജഗദീശ്വരന് ജീവനൊടുക്കിയിരുന്നു.
മകന്റെ മരണത്തില് മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെ…ജഗദീശ്വരന്റെയും പിതാവ് സെല്വശേഖറിന്റെയും വിയോഗത്തില് അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകന് ഡോക്ടറായി കാണാന് അവന്റെ മാതാപിതാക്കള് ആഗ്രഹിച്ചു.
എന്നാല് ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിത്. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇത്.
ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാന് ഒരു വിദ്യാര്ത്ഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാന് അഭ്യര്ത്ഥിക്കുന്നു. നീറ്റ് റദ്ദാക്കും.
ഇതിനുവേണ്ടി സംസ്ഥാന സര്ക്കാര് സജീവമായി പ്രവര്ത്തിക്കുന്നുണ്ട്. സ്റ്റാലിന് പ്രസ്താവനയില് പറഞ്ഞു.
തമിഴ്നാട്ടില് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നീറ്റ് പരീക്ഷയില് പരാജയപ്പെട്ടതില് മനംനൊന്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്.