മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിയ്ക്ക് ജോലി ഉറപ്പു നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റാലിന്‍ മേട്ടൂര്‍ ഡാമിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ പണം ഇല്ലാതിരുന്ന സൗമ്യ തന്റെ ആകെ സമ്പാദ്യമായ രണ്ടുപവന്റെ മാല സംഭാവനയായി നല്‍കിയത്.
ഇക്കാര്യം സ്റ്റാലിന്‍തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്.
ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.
ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ ഒന്നുമില്ലാതിരുന്ന സൗമ്യ തന്റെ മാല ഊരി നല്‍കുകയായിരുന്നു.
തനിക്ക് ജോലിയൊന്നും ഇല്ലാത്തതിനാല്‍ കുടുംബം നോക്കാന്‍ കഷ്ടപ്പെടുകയണെന്നും അച്ഛന് ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ സമ്പാദ്യമെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു.
പണമൊന്നും കൈവശം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നല്‍കുന്നതെന്നും യുവതി പറഞ്ഞിരുന്നു.