ആലപ്പുഴ: കപട പ്രഖ്യാപനങ്ങളുടെ കടലാസുകൂട്ടമാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് ഡിസിസി പ്രസിഡൻറ് എം. ലിജു. പ്രഖ്യാപനങ്ങൾ നടത്തിയെന്നതൊഴിച്ചാൽ തുക വകയിരുത്തിയിട്ടില്ല. പ്രത്യേകിച്ച് തീരദേശമേഖലയിൽ പാക്കേജ് പ്രഖ്യാപനം നടത്തിയ മന്ത്രി തുക വകകൊള്ളിച്ചിട്ടില്ല. കടൽഭിത്തി, പുലിമുട്ട്നിർമാണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം എന്നിവയെ സംബന്ധിച്ച് വ്യക്തതയില്ല.
ക്ഷേമപെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിച്ചിരിക്കുന്നു. പുതിയ പതിനായിരക്കണക്കിന് അപേക്ഷ കെട്ടിക്കിടക്കുന്നതിനേക്കുറിച്ചും മൂന്നുമാസമായി പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതിനെക്കുറിച്ചും ബജറ്റിൽ മന്ത്രി ഒന്നും പറയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് കാതലായ നിർദേശം ബജറ്റിലില്ല.
മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ ഒന്നുംപാലിക്കാതെ അതേ കാര്യങ്ങൾ ഈ ബജറ്റിലും ആവർത്തിച്ചിരിക്കുകയാണ്. കായംകുളം താലൂക്ക് ഇത്തവണയും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്. കയർ മേഖലയിൽ കോടികളുടെ പ്രഖ്യാപനം നടത്തുന്നതല്ലാതെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല.
കഴിഞ്ഞ ബജറ്റിൽ ജില്ലയിലെ ടൂറിസം മേഖലയ്ക്കായി പ്രഖ്യാപിച്ച പലതും കടലാസിൽ തന്നെയാണ്. ഈ ബജറ്റിൽ ടൂറിസംമേഖലയ്ക്ക് ഒന്നും നീക്കിവെച്ചിട്ടില്ല. ജില്ലയ്ക്ക് അഭിമാനിക്കത്തക്കതും ആശാവഹവുമായ പദ്ധതികൾ ഒന്നും തന്നെയില്ലാതെയാണ് ജില്ലയിലെ മന്ത്രി അവതരിപ്പിച്ച ബജറ്റിൻറെ പ്രത്യേകതയെന്ന് ലിജു കുറ്റപ്പെടുത്തി.