ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പേ ചാരിറ്റി സംഘടനകളുടെ പേരിൽ എൽഡിഎഫ് പണവിതരണം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് എം.ലിജു. ചാരിറ്റി പ്രവർത്തനം നല്ലതാണ് ഒരുകൈ കൊടുക്കുന്ന സഹയം മറു കൈ അറിയരുതെന്നാണ് പ്രമാണം. എന്നാൽ ആർക്കേലും ചാരിറ്റി വേണോ എന്ന് ചോദിച്ചു നടക്കുന്ന പ്രവർത്തനമാണ്് ഇത്തരം ചാരിറ്റി സംഘടനയ്ക്ക് ഉള്ളത്.
തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തെറ്റാണ്. സേവന പ്രവർത്തനങ്ങളുടെ പേരിലുള്ള മുതലെടുപ്പു രാഷ്ട്രീയം ആർക്കും ഭൂഷണമല്ല. ആരെയെങ്കിലും കണ്ട് കഴിഞ്ഞാൽ ഓടിച്ചിട്ട് പിടിച്ച്് സംസാരിച്ച് പടം എടുത്ത് ഉടൻ പത്ര ഓഫീസുകളിലേക്ക് ഓടുകയാണ് ചിലർ ചെയ്യുന്നത്. സുജൻ ഐക്കരയുടെ കാര്യം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളും കരുണ ഉൾപ്പടെയുള്ള സംഘടനകൾ ഉപേക്ഷിക്കണമെന്നും എം.ലിജു കൂട്ടിച്ചേർത്തു. ആസന്നമായിരിക്കുന്ന ചെങ്ങന്നുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രസംസ്ഥാനക്കാരുകളുടെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടുവാൻ എൻഡിഎയും എൽഡിഎഫും തയാറാകാതെ ജനങ്ങളിൽ വർഗീയമായി വേർതിരിവുണ്ടാക്കുവാൻ പരിശ്രമിക്കുകയാണ്.
അന്പലത്തിൽ പോയി കുറിതൊട്ടാലൊ, പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്താലോ, നിസ്കരിച്ചാലോ അത് വർഗീയമല്ല. കൊലപാതക പാരന്പര്യമുള്ളവർ ഈ മണ്ഡലത്തിലും അതിനായി കോപ്പുകൂട്ടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തുടർന്നാൽ തെരഞ്ഞെടുപ്പു ലംഘനത്തിനു നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി. ബിജെപിയുടെ അതേ രാഷ്ട്രീയനയം സിപിഎമ്മും അനുകരിക്കുകയും പരസ്പരം പാലൂട്ടി വളർത്തുകയുമാണ്.
കേരളത്തിൽ രണ്ടു വർഷമാകുന്ന ഇടതു മുന്നണി ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ അഭിമുഖീകരിക്കുവാൻ തയാറല്ല. പകരം സ്വന്തം ഇമേജ് വർദ്ധിപ്പിക്കുവാനുള്ള സ്വയം നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. മനുഷ്യത്വരഹിതമായ നടപടികളിലൂടെ റേഷൻ മുൻഗണനാക്രമം ഇല്ലാതാക്കുകയും, പെൻഷൻ മുടക്കുകയും, രാജ്യം ആദരിക്കുന്ന മെട്രോ മാൻ. ഇ. ശ്രീധരനെ ആക്ഷേപിച്ചയക്കുകയും ചെയ്ത സർക്കാർ നടപടികൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിഷേധത്തെ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന സ്ഥാനാർഥി സജി ചെറിയാൻ ഭയക്കുന്നതായിട്ടാണ് ഇതിലൂടെ തെളിയുന്നതെന്ന് ലിജു ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ തന്നെ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ കോണ്ഗ്രസ് മുൻതൂക്കം ഉണ്ടാക്കിയതായും എം.ലിജു അവകാശപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ കെപിസിസി നിർവാഹക സമിതിയംഗം എബി കുര്യാക്കോസ്, യുഡിഎഫ് കണ്വീനർ പി.വി.ജോണ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് എന്നിവർ പങ്കെടുത്തു