രാജ്യത്തെ ഐഎഎസുകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രസ്താവനയുമായി വൈദ്യുതി മന്ത്രി എം എം മണി. രാജമാണിക്യം ഉള്‍പ്പടെയുള്ള കേരളത്തിലെത്തുന്ന ഐഎഎസുകാര്‍ എല്ലാം തന്നെ പൊട്ടന്‍മാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെത്തുന്ന മിക്ക ഐഎഎസ് ഉദ്യോഗസ്ഥരും ഇവിടുത്തെ സാഹചര്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് പഠനങ്ങളും, റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നത്. ഇതിന്റെ ഫലമാണ് ഇപ്പോഴും കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
അതുമാത്രമല്ല ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം സിപിഐഎം ആണെന്നും, അതുകൊണ്ട് തന്നെയാണ് പാര്‍ട്ടിയെ ബി.ജെ.പി. നിരന്തരം വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തല്ലും, ആക്രമണവും സഹികെടുമ്പോള്‍ തിരിച്ച് പ്രതികരിച്ചാല്‍ പ്രസ്ഥാനത്തിനകത്തുള്ളവര്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം ഏലപ്പാറ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നേരത്തെയും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാനമായ അഭിപ്രായ പ്രകടനവുമായി മന്ത്രി മണി രംഗത്ത് വന്നിരുന്നു. ദേവികുളം സബ് കളക്ടറെക്കുറിച്ചും മോശം പരാമര്‍ശമുണ്ടായിരുന്നു. കോപ്പിയടിച്ചാണ് ഇയാള്‍ ജയിച്ചതെന്നതരത്തില്‍ പറഞ്ഞിരുന്നു. നേരത്തെ പൊമ്പിളൈ ഒരുമയ്ക്കെതിരെയുണ്ടായ പരാമര്‍ശത്തില്‍ മന്ത്രിയുടെത് നാടന്‍ ഭാഷയുടെ പ്രയോഗമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്.