കൊല്ലം: കണ്ണൂരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. അതിനായി അദ്ദേഹം ശ്രമിക്കുമെന്നാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിൽ ഉന്നതസ്ഥാനമായിരിക്കും പിണറായിക്ക് ലഭിക്കുക. കാലം അതിനെ എക്കാലവും ഓർമിക്കുമെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ആശ്രാമത്തിന്റെ അഷ്ടമുടിക്കായലും മയ്യഴിത്തുന്പികളും എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം മതവും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ കശാപ്പ് ചെയ്യുന്ന കാലത്തിൽ ജീവിക്കേണ്ടി വന്നല്ലോ എന്ന കാര്യത്തിൽ വലിയ വിഷമമുണ്ട്. ഇതുപോലെ രക്തച്ചൊരിച്ചിൽ ഇനി കണ്ണൂരിൽ ഉണ്ടാകാൻ പാടില്ല. ഇത് പുതിയ തലമുറയുടെ അവബോധ മനസിലും സഞ്ചരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് വിമർശനത്തന് വിധേയമാകുന്നുണ്ടെങ്കിലും അവരുടെ ഭൂതകാലം ആവേശം കൊള്ളിക്കുന്നതാണ്.
ഭൂതകാലം വലിയൊരു സന്പത്താണെന്ന കാര്യം ആരും വിസ്മരിക്കരുത്.ചരിത്രത്തെ മാറ്റേണ്ടത് നമ്മൾ തന്നെയാണ്. മണ്ണിന്റെയും മരങ്ങളുടെയും ആദിവാസികളുടെയും അടിച്ചമർത്തപ്പെട്ടവന്റെയും സംരക്ഷണം ഉറപ്പാക്കുന്ന പക്ഷമാണ് ഞാൻ വിശ്വസിക്കുന്ന ഇടതുപക്ഷം. അതിൽ അഭിമാനിക്കാവുന്ന ഭൂതകാലം നമുക്ക് ചിലർ സമ്മാനിച്ചു. അതുപോലുള്ള വർത്തമാന കാലവും ഭാവിയുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയതുപോലെ എഴുതുവാൻ കഴിയുന്നില്ലെന്ന പരിഭവവും മുകുന്ദൻ പങ്കുവച്ചു. ഊർജക്കുറവ് തന്നെ പ്രധാന കാരണം. കഥാപാത്രങ്ങൾ മനസിന് മുന്നിൽ വന്ന് നിലവിളിക്കുന്പോഴും അത് കടലാസിൽ പകർത്താൻ പറ്റുന്നില്ല. ഇതിനെ വേണമെങ്കിൽ ദുരന്തം എന്ന് വിശേഷിപ്പിക്കാം. എഴുത്തിന് ഊർജം തരുന്ന മരുന്നുണ്ടെങ്കിൽ എന്ത് വില കൊടുത്തും അത് വാങ്ങിക്കുമെന്നും മയ്യഴിയുടെ കഥാകാരൻ വ്യക്തമാക്കി.
കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേമം പുഷ്പരാജ്, ഡോ.പി.കെ.ഗോപൻ, കെ.ബി.മുരളീകൃഷ്ണൻ, ഡോ.വി.എസ്.ലക്ഷ്മി, എസ്.ദേവകുമാർ, കെ.ജി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽ നടന്ന അന്താരാഷ്ട്ര ശിൽപ്പശാലയിൽ യുഎൻ ഇൻഫർമേഷൻ സെന്ററിന്റെ ബെസ്റ്റ് ജേർണലിസ്റ്റ് പുരസ്കാരം നേടിയ പെരുമൺ എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് വിദ്യാർഥി പരവൂർ കുറുമണ്ടൽ ശ്രീരാഗത്തിൽ എസ്.ഐ.ആദിത്യന് സൈന്ധവ ബുക്സിന്റെ പുരസ്കാരം എം.മുകുന്ദൻ സമ്മാനിച്ചു.