ഒരു കത്തിൽ ജീവിതം മാറിമറിഞ്ഞ കഥ
കത്തുകൾ ആഘോഷവും ആത്മ സംഘർഷങ്ങളും മാത്രം കൊണ്ടുവന്നിരുന്ന കാലത്ത് ഡൽഹിയിൽ നിന്നും കണ്ണൂരിലെ നാട്ടിൻപുറത്തേക്ക് ഒരു കത്ത് വന്നു . എളയാവൂർ മുണ്ടയാട് സ്വദേശി വി.വി. കുഞ്ഞിരാമൻ നന്പ്യാരുടെ മകൻ തെക്കൻ രാമത്ത് പുരുഷോത്തമൻ എന്ന പട്ടാളക്കാരനുള്ളതായിരുന്നു ആ കത്ത്. വിശേഷമായി ഒന്നും കത്തിൽ ഇല്ലായിരുന്നെങ്കിലും ഹവിൽദാർ റാങ്കിൽ ജോലി ചെയ്തിരുന്ന പുരുഷോത്തമന് ദിവസങ്ങൾക്കുള്ളിൽ പട്ടാളത്തിൽനിന്നും പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഇതേവരെയുള്ള ജീവിതം ഒരു സിനിമാ തിരക്കഥയെ വെല്ലുന്ന നാടകീയതയും ദുരിതവും നിറഞ്ഞതായി.
ജോലിയും താമസിക്കുന്ന വീടും നഷ്ടപ്പെട്ടു. ലാളിച്ചു വളർത്തിയ രണ്ടുമക്കളും മരിച്ചു. ഭാര്യ വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. സഹായിക്കാനോ പരിചരിക്കാനോ ഈ വൃദ്ധദന്പതികൾക്ക് ആരും ഇല്ല.
1963 ഡിസംബർ 11നാണ് പുരുഷോത്തമൻ പട്ടാളത്തിൽ ചേർന്നത്. 1976ൽ പട്ടാളത്തിൽ നിന്നും പുറത്താക്കി. 13 വർഷക്കാലം രാജ്യത്തെ സേവിക്കുകയും രണ്ട് യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.1965 ൽ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം നടക്കുന്പോഴും 1971ൽ ബംഗ്ലാദേശിനെ മോചിപ്പിക്കാനുള്ള യുദ്ധത്തിലും പോരാളിയായി.
ആ കത്ത്
1963ൽ ജിഡി ചാർജിലാണ് പട്ടാള ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹവിൽദാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. പഞ്ചാബിലെ സേവനത്തിനു ശേഷം ഡൽഹിയിലായിരുന്നു അടുത്ത നിയമനം.അവിടെ ഒരു ഒഴിവുദിവസം ഡൽഹിയിലെ ബന്ധുവീട്ടിൽ അലക്ഷ്യമായി കിടന്ന സ്ട്രീറ്റ് വാരിക പുരുഷോത്തമന്റെ ശ്രദ്ധയിൽപെട്ടു. അടിയന്തരാവസ്ഥക്കാലമായതുകൊണ്ട് അതിനെതിരെ നിരന്തരം ലേഖനങ്ങൾ വരുന്ന വാരികയാണിത്. ഇതിൽ മുകുന്ദൻ സി. മേനോന്റെ ഒരു ലേഖനം ഉണ്ടായിരുന്നു. ലേഖനം വായിച്ച് ആവേശം കൊണ്ട് അദ്ദേഹത്തെ കാണണമെന്ന ഒരു മോഹം ഉണ്ടായി. അങ്ങനെയാണ് ബന്ധു വീടിനടുത്തുള്ള മുകുന്ദൻ സി. മേനോന്റെ വീട്ടിലെത്തുന്നത്. പരിചയം സൗഹൃദമായി വളർന്നു.
1976ൽ അടിയന്തരാവസ്ഥ കത്തിനിൽക്കുന്ന സമയത്താണ് പട്ടാളത്തിൽ നിന്നും ലീവ് കിട്ടുന്നത്. നാട്ടിലേക്കു പുറപ്പെടുന്നതിനു മുമ്പ് മുകുന്ദൻ സി.മേനോന്റെ വീട്ടിലെത്തി യാത്രപറയാൻ മറന്നില്ല. നാട്ടിൽ ബന്ധുക്കളും നാട്ടുകാരുമായി പട്ടാളകഥകൾ പറഞ്ഞും തമാശ പൊട്ടിച്ചുമൊക്കെ അവധിക്കാലം ആഘോഷിക്കുന്ന സമയം. ഇതിനിടയിലാണ് നാട്ടിൻപുറത്തെ ചായക്കടയിൽ മുകുന്ദൻ സി.മേനോന്റെ ഒരു കത്ത് എത്തിയത്. പുരുഷോത്തമനുള്ളതായിരുന്നു ആ കത്ത്.
കത്ത് തുറന്ന നിലയിലായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് എതിരായുള്ള ചില പരാമർശങ്ങളായിരുന്നു കത്തിലെ ഉള്ളടക്കം. ഈ കത്താണ് പുരുഷോത്തമന്റെ ജീവിതം മാറ്റി മറിച്ചത്. കത്തിനു മറുപടി അയച്ചില്ലെങ്കിലും തൊട്ടുപുറകെ സിബിഐ ആസ്ഥാനത്തുനിന്നും മറ്റൊരു കത്തും അദ്ദേഹത്തെ തേടിയെത്തി. ‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്, മനുഷ്യാവകാശ പ്രവർത്തകനായ മേനോൻ ഡൽഹിയിൽ സെൻട്രൽ ജയിലിലാണ്. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിവുള്ള വിവരങ്ങൾ അറിയിക്കണം’ എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.
ലീവ് കഴിഞ്ഞ് പുരുഷോത്തമൻ ഡൽഹിയിലേക്ക് മടങ്ങി. മൂന്നുദിവസത്തിനുശേഷം സിബിഐ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും പട്ടാള ക്യാന്പിലെത്തി. പുരുഷോത്തമനെ ചോദ്യം ചെയ്തു. ഡൽഹിയിൽ ആരെയൊക്കെയാണു പരിചയം, രാഷ്ട്രീയ ബന്ധം, സുഹൃത്തുക്കൾ, ക്യാന്പിൽ ഗ്രൂപ്പുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. തുടർന്ന് എട്ടുദിവസം പട്ടാളക്യാന്പിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അടിയന്തരാവസ്ഥയ്ക്ക് എതിരേ പ്രവർത്തിക്കുന്നവരുമായുള്ള സൗഹാർദ്ദത്തിന്റെ അടിസ്ഥാനത്തിൽ ആർമിയുടെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും പുറത്താക്കിക്കൊണ്ട് ഓർഡർ എത്തി. മേനോൻ അയച്ച ഒരു കത്തിന്റെ പേരിലാണ് അന്വേഷണവും പുറത്താക്കലും.
ദുരിതകാലം
വിവാഹം കഴിച്ച് രണ്ടുവർഷത്തിനുള്ളിലായിരുന്നു കത്തിന്റെ വരവും പുറത്താക്കലുമെല്ലാം. ജീവിതം വഴിമുട്ടി. ഒപ്പം ദുരന്തങ്ങൾ ഒാരോന്നായി എത്താനും തുടങ്ങി.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പുലർത്താൻ പല ജോലികളും നോക്കി. കടം കൂടിയപ്പോൾ താമസിക്കുന്ന വീടും സ്ഥലവും വിറ്റു. പിന്നീട് വാടകവീടുകളിൽ മാറിമാറി താമസിച്ചു വരികയാണ്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള വാടകവീട്ടിലാണ് ഇപ്പോൾ പുരുഷോത്തമന്റെ താമസം.
13 വർഷം പട്ടാളത്തിൽ ജോലി ചെയ്തിട്ടും ഇതുവരെ ലഭിക്കേണ്ട പെൻഷൻ പോലും ലഭിച്ചില്ല. ഇതിനായി മുട്ടാത്ത വാതിലുകളില്ല. കിട്ടില്ലെന്ന് മനസിലായതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് രണ്ടു മക്കളിൽ പ്രതീക്ഷയർപ്പിച്ചു.
അവർ തണലായിവളരുന്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും പ്രതീക്ഷിച്ചു.അവിടെയും വിധി ക്രൂരമായി പുരുഷോത്തമനെ വേട്ടയാടി. കഷ്ടപ്പാടിന്റെ ഇടയിൽ നേരിയ സന്തോഷം നൽകിയത് അധ്യാപികയായ മകളുടെ വിവാഹമായിരുന്നു. എന്നാൽ ആ സന്തോഷം ഏറെക്കാലം നീണ്ടുനിന്നില്ല. ബ്ലഡ് പ്രഷർ കൂടി മകൾ മരിച്ചു. രണ്ടുവർഷത്തിനുശേഷം പ്രഷർ കുറഞ്ഞ് മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒടുവിൽ മകനും മരണത്തിനു കീഴടങ്ങി.
പിന്നീട് താമസിക്കുന്ന വാടകവീട് ഉപേക്ഷിച്ച് നഗരത്തിനു സമീപത്തേക്ക് താമസം മാറ്റി. പ്രശ്നങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു.
പുരുഷോത്തമന്റെ ഭാര്യ രണ്ടു വർഷമായി ഇരു വൃക്കകളിലും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യണം. പുരുഷോത്തമനും അവശതയിലാണ്. രണ്ടുവർഷം മുന്പ് കാലിനടിയിൽ കരിങ്കൽ ചീള് തറച്ചുകയറിയതിനാൽ നടക്കാൻ പ്രയാസമുണ്ട്. പഴുപ്പ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്. എന്നിട്ടും ജീവിതം മുന്നോട്ടുതന്നെ. ആരേയും കാത്തുനിൽക്കാനില്ലാതെ, ആരും വരുമെന്ന് പ്രതീക്ഷയില്ലാതെ ജീവിതം മുന്നോട്ട്…
സജീവൻ പൊയ്ത്തുംകടവ്