കൊല്ലം: മുണ്ടയ്ക്കൽ പാപനാശം റോഡ് ദേശീയപാതനിലവാരത്തിൽ പുതുക്കിപ്പണിയാൻ 2.15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടന്നുവരികയാണെന്നും എം. നൗഷാദ് എംഎൽഎ അറിയിച്ചു. നഗരത്തിലെ സുപ്രധാനമായ തീരദേശ റോഡുകളിലൊന്നാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള പാപനാശം റോഡ്. മത്സ്യബന്ധന തുറമുഖ വകുപ്പാണ് റോഡ് പുതുക്കി പണിയാൻ 2.15 കോടി രൂപ അനുവദിച്ചതെന്നും നൗഷാദ് പ്രസ്താവനയിൽ പറഞ്ഞു.
റോഡ് പുതുക്കിപ്പണിയാൻ ആദ്യം 81.50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ കർക്കിടകവാവിന് പാപനാശനം കടപ്പുറത്തു ബലിതർപ്പണം ചെയ്യാൻ എത്തുന്ന ആയിരങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ദേശീയപാത നിലവാരത്തിൽ പുതുക്കിയപ്പണിയണമെന്ന തന്റെഅഭ്യർത്ഥനയെ തുടർന്നാണ് തുക വർദ്ധിപ്പിച്ച് 2.15 കോടി രൂപയാക്കി ഉയർത്തിയത്. കർക്കിടകവാവിന് മുമ്പ് പണി പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ടെൻഡർ ചെയ്തത്.
രണ്ടു തവണ ടെൻഡർ ചെയ്തെങ്കിലും രണ്ടുതവണയും അടങ്കൽത്തുകയെക്കാൾ കൂടിയ തുകയാണ് കരാറുകാർ രേഖപ്പെടുത്തിയത്. അതിനാൽ നെഗോസിയേഷൻ നടപടികൾ നടക്കുകയാണ്. ഇത് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ കരാർ ഉറപ്പിയ്ക്കാൻ കഴിയൂ. അതിനുള്ള സാവകാശമാണ് ഹാർബർ എൻജിനിയറിംഗ് വിഭാഗം തേടിയിരിയ്ക്കുന്നത്.
അതെ സമയം കർക്കിടകവാവ് പ്രമാണിച്ച് കോർപ്പറേഷന് ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൻറെ അനുമതിയോടെ റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിന് തടസമില്ലെന്നും നൗഷാദ് പറഞ്ഞു.
.