സമാധാനപരമായ പ്രതിഷേധം പോരാ! ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നിര്‍ബന്ധം! അമിത്ഷാ അക്രമത്തിനാഹ്വാനം ചെയ്‌തെന്ന ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍ വൈറല്‍

കര്‍ണാടകയില്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എം.പി പ്രതാപ് സിംഹ വെളിപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. പാര്‍ട്ടിയുടെ യുവമോര്‍ച്ചാ വിഭാഗത്തോടാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു 37 സെക്കന്റ് നീളുന്ന വീഡിയോയിലെ വെളിപ്പെടുത്തലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത്ഷായുമായി താനും മറ്റൊരു യുവമോര്‍ച്ചാ നേതാവും നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ണാടകയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്.

അത് അക്രമാസക്തമാകുന്ന തരത്തിലുള്ളതാകണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. തങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അത്തരത്തില്‍ സമാധാനപരമായ പ്രതിഷേധം പോരെന്നും ടിയര്‍ഗ്യാസ് സ്ഫോടനവും ലാത്തിച്ചാര്‍ജ്ജും ഉള്‍പ്പെടെ നടക്കുന്ന പ്രതിഷേധമായിരിക്കണമെന്നും അമിത്ഷാ ആവശ്യപ്പെടുകയായിരുന്നു. അത്തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും സംസ്ഥാനത്ത് ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അതിന് മുന്‍കൈ എടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു.

ഈ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന്  സിംഹ ഉറപ്പുനല്‍കുന്നതും വീഡിയോയിലുണ്ടായിരുന്നു. നവംബര്‍ 30 ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവിലായിരുന്നു ഇത്തരമൊരു വെളിപ്പെടുത്തല്‍ കൂടി വന്നത്. എന്നാല്‍ സംഗതി വിവാദമായതോടെ വീഡിയോ ചിലര്‍ കട്ട് ചെയ്ത് എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് സിംഹ രംഗത്തെത്തുകയായിരുന്നു. ഹന്‍സൂരില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മറികടന്നതിന് സിംഹയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

നബിദിന ഘോഷയാത്രയും ഹനുമാന്‍ ജയന്തിയും കടന്നുപോകാനായി ജില്ലാ പോലീസ് പ്രത്യേകം വഴികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പോലീസ് നിഷ്‌കര്‍ഷിച്ച വഴിയില്‍ നിന്നും ഹനുമാന്‍ ജയന്തി അതിരുകടന്നതിനാലായിരുന്നു അറസ്റ്റ്. നിയമലംഘനത്തിന് സിന്‍ഹയുടെ അനുനായികളേയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമിത് ഷാ പറഞ്ഞത് സിംഹ തെറ്റിദ്ധരിക്കുകയായിരുന്നെന്നും പൊതുവിഷയങ്ങളില്‍ ശക്തമായി ഇടപെടാനും പ്രതിഷേധങ്ങള്‍ നടത്താനുമാണ് ഷാ ആവശ്യപ്പെട്ടതെന്നുമായിരുന്നു ബി.ജെ.പി പ്രസിഡന്റ് ബി.എസ് യെദിയൂരപ്പയുടെ മറുപടി.

 

Related posts