തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്.
രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ടു ചെയ്യണം. ആരംഭത്തിൽ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്.
എന്നാൽ, ഇപ്പോൾ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ടു പകരുന്ന രോഗമാണിതെന്നും ആരോഗ്യവകുപ്പു വ്യക്തമാക്കി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.