സ്വര്ണക്കടത്തു കേസില് നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്ന സല്സാര് ഹെതര് ഫ്ളാറ്റ് സമുച്ചയത്തില് റീബില്ഡ് കേരള പ്രളയാനന്തര പുനര്നിര്മാണ പദ്ധതിക്കുവേണ്ടി സര്ക്കാര് ഓഫീസ് വാടകയ്ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ താല്പ്പര്യത്തിലെന്നു റിപ്പോര്ട്ട്.
സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തില് നിന്നുള്ള ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്ളാറ്റ് ഓഫീസാക്കാന് തീരുമാനിച്ചത് മുമ്പു തന്നെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഫ്ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്ക്കരിക്കാനായി വന് തുക ചെലവിട്ടതുമെല്ലാം ചര്ച്ചയായിരുന്നു.
ലോ അക്കാഡമിയുടെ പേരില് ചാരിറ്റബിള് ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന് റോഡിന്റെ അരികില് ഈ കെട്ടിടസമുച്ചയം നിര്മിച്ചത്. റീബില്ഡ് കേരളയുടെ കണ്സള്ട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു.
ചട്ടവിരുദ്ധമായി നിര്മിച്ചതെന്ന ആരോപണത്തിന്റെ പേരില് വിജിലന്സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില് ഓഫിസ് എടുക്കരുതെന്ന് മുതിര്ന്ന ചില ഉദ്യോഗസ്ഥര് അറിയിച്ചെങ്കിലും ശിവശങ്കര് ഈ നിര്ദ്ദേശങ്ങള്ക്ക് പുല്ലുവിലയാണ് കല്പ്പിച്ചത്.
തുടര്ന്ന് ലക്ഷങ്ങള് പാട്ടത്തുക നല്കി ഓഫീസിനായി ഫ്ളാറ്റ് എടുക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായാണു ലക്ഷ്മി നായര് ഇതേ കെട്ടിടത്തില് ശിവശങ്കറിനു താമസിക്കാന് ഫ്ളാറ്റ് നല്കിയതെന്ന സംസാരവും ഇപ്പോള് ഉയരുന്നുണ്ട്.
സര്ക്കാരിന്റെ ഈ നടപടിയെ വിമര്ശിച്ച് വി.എസ്. അച്യുതാനന്ദന്റെ മുന് പഴ്സണല് സ്റ്റാഫ് അംഗം കെ.എം. ഷാജഹാന് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ ആവശ്യങ്ങള്ക്കു വേണ്ടി ചാരിറ്റബിള് സൊെസെറ്റിയായി രൂപീകരിച്ച ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനായി നല്കിയ ഭൂമിയില് ചട്ടവിരുദ്ധമായി നിര്മിച്ച കെട്ടിടസമുച്ചയത്തില് സര്ക്കാര് ഓഫീസ് ഒരുക്കുന്നതിലായിരുന്നു ഷാജഹാന്റെ വിമര്ശനം.
ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ട്രസ്്റ്റിന്റെ ഭരണകര്ത്താക്കളിലൊരാളായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. എന്.കെ. ജയകുമാര് പ്രവര്ത്തിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്നും ഷാജഹാന് പറയുന്നു. എന്തായാലും ശിവശങ്കറിന് ലക്ഷ്മി നായരുമായുള്ള അടുത്ത ബന്ധവും ഇപ്പോള് ചര്ച്ചയാവുകയാണ്.