
ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് താന്‍ പതിവായി സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ പൊയ്ക്കൊണ്ടിരുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍. ഫ്ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായി ശിവശങ്കര്‍ എന്‍ഐഎയോടു വെളിപ്പെടുത്തി.
ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
സ്വപ്നയുടെ ഫ്ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു.
സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഈ വിശദീകരണങ്ങള്‍ തൃപ്തികരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്കി.
ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള് എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് മുഖ്യമായും എന്‍ഐഎ ചോദിച്ചറിഞ്ഞത്. തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കര്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് വിഷമത്തോടെ വെളിപ്പെടുത്തി.
തന്റെ മദ്യപാനശീലം പ്രതികള്‍ മുതലെടുത്തുവെന്ന് ശിവശങ്കര്‍ പറഞ്ഞു. ബന്ധുവായതിനാലാണ് സ്വപ്നയുടെ ഫ്ളാറ്റില്‍ പോയിരുന്നത്. അവിടെ നടന്ന മദ്യസല്‍ക്കാരം ആസ്വദിച്ചതോടെ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകനായി.
സന്ദീപ് അടക്കമുള്ളവരെ പരിചയപ്പെടുന്നത് ഇത്തരം പാര്ട്ടികളിലൂടെയാണെന്നും ഈ പാര്‍ട്ടികളുടെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിനു സമീപം സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുത്തു നല്കാന് സഹായിച്ചത് ബന്ധുവാണെന്ന പരിഗണനയിലാണെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി നല്ലരീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.