കൊച്ചി : വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയര്മാന് സ്ഥാനത്തേയ്ക്ക് എം. സ്വരാജിന്റെ പേര് സജീവ പരിഗണനയില്‍.
ചെല്ലാനം മുതല്‍ കറുകുറ്റി വരെ നീളുന്ന ഒട്ടേറെ നിയമസഭാ മണ്ഡലങ്ങളുമുള്‍പ്പെടുന്ന ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എം. സ്വരാജിന് തിളങ്ങാനാവുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
തൃപ്പൂണിത്തുറ എംഎല്‍എയായിരുന്നപ്പോള്‍ വികസന കാര്യങ്ങളില്‍ നടത്തിയ ദീര്‍ഘവീക്ഷണവും മുന്നേറ്റവും ജിസിഡിഎയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും കരുതപ്പെടുന്നു.
നിലവിലെ അധ്യക്ഷനായിരുന്ന വി. സലിം സിപിഎം ആലുവ ഏരിയാ സെക്രട്ടറിയായിരുന്നപ്പോഴാണ് പദവിയിലേയ്ക്കെത്തിയത്.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ വിവിധ ബോര്‍ഡുകളിലെയും മറ്റും നിലവിലെ അധ്യക്ഷന്മാരൊഴിയണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് സലിം ജിസിഡിഎ ചെയര്മാന് പദവിയില്‍ നിന്ന് രാജി വച്ചത്.
അതിനു മുന്‍പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈനും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും ചെയര്മാന് പദവി അലങ്കരിച്ചിട്ടുണ്ട്.
അതേസമയം ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍ മേയര്‍ സി.എം. ദിനേശ് മണിയുടെയും അടുത്ത ദിവസങ്ങളില്‍ സിപിഎമ്മിലേയ്ക്ക് വന്ന എ.ബി. സാബുവിന്റെയും പേരുകള്‍ പറയപ്പെടുന്നുണ്ട്.