സ്വന്തം ലേഖകന്‍
കൊച്ചി: തെരഞ്ഞെടുപ്പിൽ കേരളം മുഴുവന്‍ എല്‍ഡിഎഫ് തരംഗമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ തേടിയുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകുന്നു.
എം. സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബും അടങ്ങുന്ന കമ്മീഷൻ ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും. അടുത്ത മാസം അവസാനം വരെ സമയമുണ്ടെങ്കിലും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഭൂരിഭാഗവും പൂര്ത്തിയായതിനെത്തു ടര്‍ന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
ഉറച്ചെന്ന് വിശ്വസിച്ച സീറ്റിലുണ്ടായ അപ്രതീക്ഷിത തോല്‍വിയെത്തുടര്‍ന്ന് എം.സ്വരാജ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു പൊതുവേ വിട്ടുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. അതേ സമയം സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന് പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
സ്വരാജിന്റെ പെരുമാറ്റത്തോട് പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കുള്ള എതിര്‍പ്പും സ്ഥാനാര്‍ഥിത്വത്തോടുള്ള വിരോധവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കൂടാതെ സ്വരാജിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ മുതലെടുത്തുവെന്ന കണ്ടെത്തലുകളുമുണ്ടായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനിടയാക്കിയവരെന്ന ലിസ്റ്റില്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും ബൂത്ത് സെക്രട്ടറിമാര്ക്കുമെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണറിയുന്നത്.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ എരൂര്‍, തെക്കുംഭാഗം, മരട് മുന്‍സിപ്പല്‍ ഏരിയ, ഉദയംപേരൂര്‍ പഞ്ചായത്തിലെ മൂന്ന് ലോക്കല്‍ കമ്മിറ്റികളില്പ്പെട്ട തീരദേശ മേഖലകള്‍, പനങ്ങാട് പ്രദേശം, കൊച്ചി കോര്‍പറേഷനിലെ ഇടക്കൊച്ചിയിലെയും പള്ളുരുത്തിയിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വോട്ടു മറിച്ചില്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നടപടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതോടൊപ്പം ജില്ലയില്‍ പാര്‍ട്ടി പരാജയപ്പെട്ട തൃക്കാക്കര മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് ഗോപി കോട്ടമുറിക്കലിന്റെ കമ്മീഷനും പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് സി.എം. ദിനേശ് മണിയും പി.എം. ഇസ്മായിലുമടങ്ങുന കമ്മീഷന് നടത്തുന്ന അന്വേഷണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
ഇതില്‍ കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്നാണ് പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ അന്വേഷണം.