കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവായ യുവതിയുടെ പീഡനപരാതിയില്‍ സിപിഎം തീരുമാനം കാത്ത് ഡിവൈഎഫ്ഐ. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനമെടുക്കുമെന്നാണ് ഡിവൈഎഫ്ഐയും പരാതിക്കാരിയും വിശ്വസിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാലക്കാട് എംഎല്‍എ പി.കെ. ശശി പീഡിപ്പിച്ചുവെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം അന്വേഷണവും നടപടിയും വൈകുമ്പോഴും ഇതുവരേയും മൗനം തുടര്‍ന്നു വരികയായിരുന്നു ഡിവൈഎഫ്ഐ.
എന്നാല്‍ പരാതിക്കാരിയായ യുവതി ഉള്‍പ്പെടെ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നീതിപൂര്‍വ്വമായ നടപടി സിപിഎം കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരിയും ഈ വിശ്വസത്തിലാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
സ്ത്രീപക്ഷ നിലപാടാണ് ഡിവൈഎഫ്ഐയ്ക്കുള്ളത്. ആക്രമിക്കപ്പെട്ടവര്‍ പരാതി പറഞ്ഞാല്‍ പ്രാഥമികമായി അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചു വരുന്നത്. ഓരോ പരാതിയിലും അന്വേഷിക്കാന്‍ ആവശ്യമായ സമയമെടുക്കും.
ഇക്കാര്യത്തില്‍ നീതി ലഭിക്കുമെന്നു തന്നെയാണ് വിശ്വസമെന്നും സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളായി തെരഞ്ഞെടുത്തവരാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പാലക്കാട് നിന്നെത്തിയ പ്രതിനിധിയെ പങ്കെടുപ്പിച്ചില്ലെന്നത് വസ്തുതാവിരുദ്ധമാണ്. പാലക്കാട് ജില്ലാസമ്മേളനം തെരഞ്ഞെടുത്ത പ്രതിനിധികളെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കാത്തവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്ക്കായി എത്തിയ വനിതാ പോലീസുകാരുടെ പ്രായം ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പരിശോധിച്ചതില്‍ പോലീസിന് വീഴ്ചയുണ്ടെന്ന് ഡിവൈഎഫ്ഐ കരുതുന്നില്ല. ശബരിമലയില്‍ സംഘപരിവാര്‍ രക്തചൊരിച്ചിലിനായി കോപ്പുകൂട്ടുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി ഇതുവരേയും തിരുത്തിയിട്ടില്ല.
40 വയസുവരെ തുടരാമെന്ന തീരുമാനം തന്നെയാണിപ്പോഴുമുള്ളത്. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതില്‍ അപാകതയില്ലെന്നും യോഗ്യരായവര്‍ മന്ത്രിമാരുടെ ബന്ധുവാണെന്നത് അയോഗ്യതയായി കാണാനാവില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി എ.എന്‍. ഷംസീര്‍
കോഴിക്കോട്: പീഡനപരാതിയെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ രോഷപ്രകടനം. സ്വന്തം സംഘടനയുടെ ജില്ലാ നേതൃത്വത്തിലുള്ള വനിതയുടെ പരാതിക്കൊപ്പം നില്ക്കാനാവാത്തതെന്തെന്ന ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കയ്യിലൊരു കോലുണ്ടെന്നു കരുതി ആരെയും പൂശാമെന്നു വിചാരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതു കാര്യങ്ങള്‍ക്കും മറുപടി പറയാമെന്ന ആമുഖത്തോടെ സംസ്ഥാനസെക്രട്ടറി എം.സ്വരാജ് എംഎല്‍എ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു ഈ ചോദ്യവും അതിന് ഷംസീറിന്റെ പ്രതികരണവും. ഒരാളുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയില് കയറി ചോദ്യം ചോദിക്കുന്നത് മാന്യതയല്ലെന്നും നേതാക്കള്‍ പറഞ്ഞു.